തിരുവനന്തപുരം കോർപ്പറേഷനിലെ മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പുകൾ അസാധുവാക്കണമെന്നാവശ്യപ്പെട്ട് സിപിഎം പാർലമെന്ററി പാർട്ടി ലീഡർ എസ്.പി. ദീപക് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയ 20 ബിജെപി കൗൺസിലർമാർ മേയർ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതിനാൽ തെരഞ്ഞെടുപ്പ് നിയമപരമായി നിലനിൽക്കില്ലെന്നാണ് ഹർജിയിലെ വാദം. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപി കൗൺസിലർമാർക്കും ഹൈക്കോടതി നോട്ടീസ് അയച്ച് മൂന്നാഴ്ചയ്ക്കകം മറുപടി നൽകാൻ നിർദേശിച്ചു. മുമ്പ് വിവിധ ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്ത കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയിരുന്നു.



