പത്തനംതിട്ട: പി.എം. ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറുമെന്ന ആശയക്കുഴപ്പം തുടരുന്നതിനിടെ, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എം.പി. തൻ്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതിയിൽ തുടരണം എന്നൊരുവിധ തീരുമാനവും എടുത്തിട്ടില്ലെന്നും, വിഷയം യുഡിഎഫിൽ ഔദ്യോഗികമായി ചർച്ചചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയിൽ തുടരണോ വേണ്ടയോ എന്നത് മന്ത്രിമാരുടെ ഉപസമിതി സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരിശോധിച്ചശേഷമേ തീരുമാനിക്കൂ എന്നും അദ്ദേഹം പറഞ്ഞു. പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞതിൽ വൈരുദ്ധ്യമൊന്നുമില്ലെന്നും അന്തിമ തീരുമാനമൊന്നും ഇതുവരെ എടുത്തിട്ടില്ലെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു. നേരത്തെ, പി.എം. ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാനാണ് ആലോചിക്കുന്നത് എന്ന് പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. വിഷയത്തിൽ യുഡിഎഫ് യോഗത്തിൽ ഗൗരവമായ ചർച്ച ഉണ്ടായിരുന്നില്ല എന്നും ഉപസമിതിയുടെ റിപ്പോർട്ട് പോലും സമർപ്പിക്കാത്ത സാഹചര്യത്തിൽ, പദ്ധതിയെ കുറിച്ച് അന്തിമ പ്രഖ്യാപനം നടത്താനാകില്ല എന്നുമാണ് ലീഗ് നേതൃത്വത്തിന്റെ നിലപാട്. ഇതാണ് താൻ പരസ്യമായി പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു.



