കൊച്ചി: യുകെ വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ നിർമ്മാതാവ് ജോബി ജോർജിന് നാല് വർഷം തടവുശിക്ഷ വിധിച്ച് കോടതി. പിഴയായി 66.5 ലക്ഷം രൂപയും അടയ്ക്കണം. രണ്ട് കേസുകളിലായി കൊച്ചിയിലെ പ്രത്യേക പിഎംഎൽഎ കോടതിയാണ് വിധി പറഞ്ഞത്. മൂവാറ്റുപുഴ സ്വദേശിയായ രാജേഷ് മാത്യു, മുളന്തുരുത്തി സ്വദേശികളായ ദമ്പതികൾ എന്നിവർ നൽകിയ പരാതിയിലാണ് കോടതി നടപടി.യുകെ വിസ നൽകാമെന്ന വാഗ്ദാനത്തിൽ 2011ൽ രണ്ട് തവണയായി 50 ലക്ഷം രൂപ രാജേഷ് മാത്യുവിൽ നിന്ന് കൈപ്പറ്റി. വിസ നൽകാമെന്ന വാഗ്ദാനം പാലിക്കാതിരുന്നതോടെ 2012ൽ പണം തിരികെ നൽകുന്നതിന്റെ ഭാഗമായി 25 ലക്ഷം രൂപയുടെ ചെക്ക് നൽകി. എന്നാൽ ഇത് മടങ്ങി. തുടർന്ന് രാജേഷ് മാത്യു പരാതി നൽകുകയായിരുന്നു. രാജേഷ് മാത്യുവിനെ വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെയാണ് ജോബി പ്രവർത്തിച്ചതെന്ന നിരീക്ഷണത്തോടെയാണ് കോടതി രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചത്. 50 ലക്ഷം രൂപയാണ് ഈ കേസിൽ പിഴ അടയ്ക്കേണ്ടത്. ജോബിയുടെ ഭാര്യ സുനി മോളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.മുളന്തുരുത്തി സ്വദേശികളായ ബിജു വർഗീസ്, ഭാര്യ ഡാർലി ബിജു എന്നിവർക്ക് യുകെയിൽ ബിസിനസ് പങ്കാളിത്തവും, സ്റ്റുഡന്റ് വിസയും വാഗ്ദാനം ചെയ്താണ് ജോബി തട്ടിപ്പ് നടത്തിയത്. ഇവരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തു. ലണ്ടനിലെ ന്യൂകാസിലിൽ ഒരു ‘ഓഫ്ലൈസൻസ്’ ഷോപ്പിൽ പങ്കാളിത്തം നൽകാമെന്നും, ഡാർലിക്ക് ലണ്ടനിലെ എൽബിഎ കോളേജിൽ ബിസിനസ് ഇൻഫർമേഷൻ ഡിപ്ലോമയ്ക്ക് അഡ്മിഷൻ ശരിയാക്കി നൽകാമെന്നുമായിരുന്നു വാഗ്ദാനം. ഇതേത്തുടർന്ന് യുകെയിൽ എത്തിയ ദമ്പതികൾക്ക് അവിടെ നിന്നാണ് തട്ടിപ്പ് മനസിലാക്കിയത്. പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്ന് ദമ്പതികൾ മൊഴി നൽകി. ഈ കേസിലാണ് ജോബിയെ രണ്ട് വർഷം തടവിന് ശിക്ഷയും 16.52 ലക്ഷം പിഴയും വിധിച്ചത്.



