ചൈനീസ് എ.ഐ. മോഡലായ ഡീപ്സീക്കാണ് ഇപ്പോൾ ചർച്ചാവിഷയം. ഒരുവശത്ത് അത്ഭുതപ്പെടുത്തിയും മറുവശത്ത് ആശങ്കയുണർത്തിയുമെല്ലാം ഡീപ്സീക് ചർച്ചകൾ മുന്നേറുമ്പോൾ എതിരാളിയായ ചാറ്റ് ജി.പി.ടിയെ കുറിച്ചുള്ള ചർച്ചകളും തകൃതിയായി നടക്കുന്നുണ്ട്. ഇക്കൂട്ടത്തിലേക്ക് ഇന്ത്യയിൽ നിന്ന് പുതിയൊരു എ.ഐ. പ്ലാറ്റ്ഫോം കൂടി മത്സരിക്കാനെത്തുകയാണ്. ഇക്കാര്യം സൂചിപ്പിക്കുന്ന കേന്ദ്ര ഐ.ടി. മന്ത്രി അശ്വിനി വൈഷ്ണവിന്റെ വാക്കുകൾ ആവേശത്തോടെയാണ് രാജ്യം കേട്ടത്.ഇന്ത്യ സ്വന്തമായി ലാർജ് ലാംഗ്വേജ് മോഡൽ (എൽ.എൽ.എം) വികസിപ്പിച്ചുകൊണ്ട് നിർമ്മിതബുദ്ധി (എ.ഐ) മേഖലയിൽ വലിയ മുന്നേറ്റത്തിനൊരുങ്ങുകയാണെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. പത്ത് മാസത്തിനകം ചാറ്റ് ജി.പി.ടിക്കും ഡീപ്സീക്കിനും സമാനമായ ഇന്ത്യയുടെ എ.ഐ. എൽ.എൽ.എം. അവതരിക്കുമെന്നും മന്ത്രി പറയുന്നു. എ.ഐ. മേഖലയിലെ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ വലിയൊരു നാഴികക്കല്ലാകും ഇതെന്നും അശ്വിനി വൈഷ്ണവ് കൂട്ടിച്ചേർത്തു.’കഴിഞ്ഞ ഒന്നരവർഷമായി നമ്മുടെയാളുകൾ സ്റ്റാർട്ടപ്പുകൾ, ഗവേഷകർ, പ്രൊഫസർമാർ തുടങ്ങിയവരുമായി ചേർന്ന് പ്രവർത്തിക്കുകയാണ്. ഇന്ന്, നമ്മുടെ സ്വന്തം മൗലികമായ ലാംഗ്വേജ് മോഡൽ വികസിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ ചോദിക്കുകയാണ്. ഇന്ത്യയുടെ പശ്ചാത്തലം, ഭാഷ, സംസ്കാരം എന്നിവയെല്ലാം പരിഗണിക്കുന്ന മോഡലാകും ഇത്. ഇത് പക്ഷപാതങ്ങളില്ലാത്തതാകും.’ -ഉത്കർഷ് ഒഡീഷ കോൺക്ലേവിൽ സംസാരിക്കവെ അശ്വിനി വൈഷ്ണവ് പറഞ്ഞു.ഇന്ത്യയുടെ എ.ഐ. സ്വപ്നങ്ങൾക്ക് അടിസ്ഥാനസൗകര്യങ്ങളുടെ വലിയ പിന്തുണയുണ്ട്. പതിനായിരം ജി.പി.യുകൾ സ്വന്തമാക്കുക എന്ന പ്രാരംഭലക്ഷ്യം നമ്മൾ മറികടന്നു. ഇപ്പോൾ രാജ്യത്തിനാകെ 18,600 ജി.പി.യുകളാണുള്ളത്. എ.ഐ. മോഡലിനെ പരിശീലിപ്പിക്കാൻ ഈ അത്യാധുനിക കമ്പ്യൂട്ടിങ് ശക്തി നിർണായകമാകും. ഉയർന്ന പ്രവർത്തനക്ഷമതയുള്ള എൻവിഡിയയുടെ എച്ച് 100, എച്ച് 200 എന്നിവയാണ് നമ്മുടെ ഭൂരിഭാഗം ജി.പി.യുകളും. ഒപ്പം എ.എം.ഡിയുടെ എം.ഐ. 325 ജി.പി.യുകളുമുണ്ട്. താരതമ്യം ചെയ്ത് പറയുകയാണെങ്കിൽ, ഡീപ്സീക് 2,500 ജി.പി.യുകൾ ഉപയോഗിച്ച് പരിശീലനം നേടിയപ്പോൾ, ചാറ്റ് ജി.പി.ടി. 25,000 എണ്ണമാണ് ഇതിനുപയോഗിച്ചത്. അതേസമയം ഇന്ത്യ 15,000-ത്തിലേറെ ഹൈ-എൻഡ് ജി.പി.യുകളാണ് ഇതേകാര്യത്തിനായി ഉപയോഗിക്കുന്നത്. ഇത് എ.ഐ. മത്സരത്തിൽ ഇന്ത്യയെ ശക്തമായ നിലയിലെത്തിക്കും.’ -അശ്വിനി വൈഷ്ണവ് പറഞ്ഞു.



