കേരളവും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക, തുറമുഖ, വിദ്യാഭ്യാസ, ടൂറിസം സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോറുമായി കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി. കേരളത്തിലെ നിക്ഷേപ സാധ്യതകളിൽ അമേരിക്കൻ കമ്പനികൾക്ക് താൽപര്യമുണ്ടെന്ന് അംബാസഡർ അറിയിച്ചു. വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങൾ കേന്ദ്രീകരിച്ചുള്ള ഷിപ്പ് ബിൽഡിംഗ്, ഷിപ്പ് റിപ്പെയർ, ഗ്രീൻ ബങ്കറിംഗ്, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിലെ നിക്ഷേപ സാധ്യതകളും ചർച്ചയായി.കേരളത്തിലെയും അമേരിക്കയിലെയും സർവകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും തമ്മിലുള്ള സംയുക്ത ഗവേഷണം, അക്കാദമിക് കൈമാറ്റം, ഇന്നൊവേഷൻ പങ്കാളിത്തം എന്നിവ വിപുലീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആയുർവേദം, വെൽനസ് ടൂറിസം എന്നിവയിലൂടെ കൂടുതൽ അമേരിക്കൻ സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കാനാകുമെന്ന് അംബാസഡർ ചൂണ്ടിക്കാട്ടി. കേരളത്തിലെയും അമേരിക്കയിലെയും നഗരങ്ങൾ തമ്മിൽ ‘സിസ്റ്റർ സിറ്റീസ്’ പങ്കാളിത്തം സ്ഥാപിക്കുന്നതും ചർച്ചയായി. അമേരിക്കയിലെ മലയാളി സമൂഹത്തെയും വ്യവസായ ശൃംഖലകളെയും കേരളവുമായി കൂടുതൽ ബന്ധിപ്പിക്കുന്നതിനായി യുഎസിൽ ‘ഇൻവെസ്റ്റ് ഡെസ്‌ക്’ സ്ഥാപിക്കണമെന്ന നിർദേശവും മുഖ്യമന്ത്രി മുന്നോട്ടുവച്ചു.



