അയോധ്യയിലെ രാമക്ഷേത്രത്തിൽ കാണിക്കപ്പണം തട്ടിയെടുത്തെന്ന ആരോപണങ്ങളും സുരക്ഷാ വീഴ്ചകളും പുറത്തുവന്നതിനെ തുടർന്ന് ട്രസ്റ്റ് കർശന നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തി. ജൂലൈ 25 മുതൽ കാണിക്കവഞ്ചികളിൽ നിന്ന് പണം ശേഖരിക്കുന്നതും അത് എണ്ണുന്ന മുറിയിലെത്തിക്കുന്നതും ബാങ്കിൽ നിക്ഷേപിക്കുന്നതും ഉൾപ്പെടെയുള്ള എല്ലാ നടപടികളും 360 ഡിഗ്രി കാമറകൾ, സി.സി.ടി.വികൾ, എസ്.എൽ.ആർ കാമറകൾ എന്നിവ ഉപയോഗിച്ച് പൂർണമായും വീഡിയോയിൽ രേഖപ്പെടുത്തുകയാണ്. എട്ടംഗ നിരീക്ഷണ സംഘത്തിനൊപ്പം ബാങ്ക് ഉദ്യോഗസ്ഥർ, ട്രസ്റ്റ് പ്രതിനിധികൾ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലും നടപടികൾ പൂർത്തിയാക്കും. ഭക്തരുടെ സംഭാവനകളിൽ പൂർണ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ട്രസ്റ്റ് വ്യക്തമാക്കുന്നു.കാണിക്കവഞ്ചികൾ തുറക്കുന്ന രീതിയിലും മാറ്റം വരുത്തിയിട്ടുണ്ട്. മുൻപ് ഒരേസമയം നിരവധി പെട്ടികൾ തുറന്നിരുന്നെങ്കിൽ ഇപ്പോൾ വ്യത്യസ്ത ദിവസങ്ങളിലായി സൂക്ഷ്മ പരിശോധനയോടെയാണ് ഇത് നടത്തുന്നത്. പണം എണ്ണിയശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥർ ഔദ്യോഗികമായി സീൽ ചെയ്യുകയും ചെയ്യും. എന്നാൽ മുൻകാലത്തും ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും സാന്നിധ്യത്തിലായിരുന്നു നടപടികൾ നടന്നിരുന്നതെങ്കിലും വൻതോതിൽ പണം നഷ്ടമായെന്ന ആരോപണം ഉയർന്നതിനാൽ, പുതിയ സംവിധാനങ്ങൾ എത്രത്തോളം ഫലപ്രദമാകുമെന്ന ആശങ്ക നിലനിൽക്കുന്നു.കാണിക്ക മോഷണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (SIT) അന്വേഷണം തുടരുകയാണ്. കേസിൽ ഇതിനകം നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ട്രസ്റ്റിന്റെ ഭരണഘടനയിലും മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഭക്തരുടെ വിശ്വാസം വീണ്ടെടുക്കാനും ഭാവിയിൽ ഒരു രൂപ പോലും നഷ്ടമാകാതിരിക്കാനുമാണ് പുതിയ നടപടികളെന്ന് ട്രസ്റ്റ് അവകാശപ്പെടുന്നുവെങ്കിലും, മുൻകാല സുരക്ഷാ പാളിച്ചകളുടെ ഉത്തരവാദിത്തവും അന്വേഷണഫലങ്ങളും പൊതുജനങ്ങൾ ഉറ്റുനോക്കുകയാണ്.



