കൊച്ചി: പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതിയെ കസ്റ്റഡിയിലെടുത്തു. കൊച്ചിയിലേക്കുള്ള വിനോദയാത്രയ്ക്കിടെയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) പ്രവർത്തകനായ ഷംനാദിനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പിടികൂടിയത്.വൈകുന്നേരത്തോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പാലക്കാട്ട് ആർ.എസ്.എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ രണ്ടാം പ്രതിയാണ് ഷംനാദ്. 2022 ഏപ്രിൽ 16 നാണ് കൊലപാതകം നടന്നത്. മോട്ടോർ ബൈക്കുകളിൽ എത്തി ഒരു കടയിൽ കയറി ശ്രീനിവാസനെ കൊലപ്പെടുത്തിയ ആറംഗ സംഘത്തിലെ അംഗമാണ് ഷംനാദ് എന്നാണ് ആരോപണം.കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ നാല് പേർ നിലവിൽ റിമാൻഡിലാണ്. കേസിൽ ഒരു പ്രതി കൂടി ഒളിവിലാണ്.ബുധനാഴ്ച കേരള ഹൈക്കോടതി കേസിലെ 10 പ്രതികൾക്ക് ജാമ്യം അനുവദിച്ചിരുന്നു.



