സംസ്ഥാനത്ത് ഉണ്ടായ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ മഴ മുന്നറിയിപ്പിലും ദുരന്തനിവാരണ നടപടികളിലും ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോപിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. റെഡ് അലർട്ട് പ്രഖ്യാപിക്കുമ്പോഴേക്കും പല പ്രദേശങ്ങളും വെള്ളത്തിനടിയിലായിരുന്നുവെന്നും, അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് ജനങ്ങളെ സമയബന്ധിതമായി മാറ്റിപ്പാർപ്പിക്കാൻ അധികൃതർ തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഏറ്റവും കൂടുതൽ മഴ ലഭിച്ച ജില്ലകളിൽ പോലും വൈകിയാണ് മുന്നറിയിപ്പുകൾ നൽകിയതെന്നും, ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാ വകുപ്പും വീഴ്ച വരുത്തിയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ദുരിതബാധിതർക്കായി അടിയന്തര രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ സംവിധാനങ്ങളും ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് തുടരുന്ന അതിതീവ്ര മഴയും കാലവർഷക്കെടുതിയും ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്നതായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വ്യക്തമാക്കി. വീടുകളും കൃഷിയും ഉപജീവന മാർഗങ്ങളും നഷ്ടപ്പെട്ട് നിരവധി കുടുംബങ്ങൾ ദുരിതത്തിലാണെന്നും, റാന്നിയിൽ ഒറ്റരാത്രികൊണ്ട് 331 മില്ലിമീറ്ററിലധികം മഴ ലഭിച്ചതും വിവിധ ജില്ലകളിൽ മഴ തുടരുന്നതും ആശങ്കാജനകമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. 2018-ലെയും 2019-ലെയും പ്രളയാനുഭവങ്ങൾ ഓർമിപ്പിച്ച അദ്ദേഹം മുന്നറിയിപ്പുകൾ ഗൗരവത്തോടെ കാണണമെന്നും, ദുരിതബാധിതരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും ആവശ്യപ്പെട്ടു. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ നടപടികളും ശക്തിപ്പെടുത്തണമെന്നും, ജനങ്ങൾ ജാഗ്രത പാലിച്ച് അധികാരികളുമായി സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.



