തമിഴ്നാട് ബിഎസ്പി അധ്യക്ഷൻ കെ ആംസ്ട്രോങ്ങിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തമിഴ്നാട് ചലച്ചിത്ര സംവിധായകൻ നെൽസൺ ദിലീപ് കുമാറിനെ പൊലീസ് ചോദ്യം ചെയ്തു. ചെന്നൈ അഡയാറിലെ വീട്ടിലെത്തിയ നെൽസണെ അന്വേഷണ സംഘം ഒരു മണിക്കൂറോളം ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ട് നെൽസൻ്റെ ഭാര്യയും അഭിഭാഷകനുമായ മോനിസിനെ പോലീസ് അടുത്തിടെ ചോദ്യം ചെയ്തിരുന്നു.
ആംസ്ട്രോങ്ങ് കൊലക്കേസില്‍ തങ്ങള്‍ തേടുന്ന ഗുണ്ട സെമ്പോ സെന്തിലുമായി അടുപ്പമുള്ള അഭിഭാഷകന്‍ മൊട്ടൈ കൃഷ്ണനുമായി മോനിഷ സ്ഥിരം സംസാരിച്ചിരുന്നുവെന്നത് പൊലീസിന്‍റെ ശ്രദ്ധയില്‍ പെട്ടിരുന്നു. ആംസ്ട്രോങ്ങ് കൊല്ലപ്പെട്ട ജൂലൈ 5 ന് ശേഷം മൊട്ടൈ കൃഷ്ണന്‍ മോനിഷയെ ഫോണില്‍ വിളിച്ചിരുന്നതായും ഇയാളുടെ കോള്‍ ഹിസ്റ്ററി പരിശോധിച്ചതില്‍ നിന്നും പൊലീസ് മനസിലാക്കി. അവൻ ഇപ്പോൾ ഒളിവിലാണ്. എന്നാല്‍ മൊട്ടൈ കൃഷ്ണനെ സംരക്ഷിക്കുന്നുവെന്നും ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് താന്‍ 75 ലക്ഷം അയച്ചുവെന്നുമുള്ള ആരോപണം നിഷേധിച്ച് മോനിഷ രംഗത്തെത്തിയിരുന്നു.



