താൻ പഠിച്ച ചെന്നൈയിലെ തായ് സത്യ മെട്രിക്കുലേഷൻ സ്കൂളിൽ പുതിയ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം ചെയ്യാൻ നടൻ ധനുഷ് വീണ്ടും എത്തി. തന്റെ സംഭാവനയോടെ നിർമ്മിച്ച ‘ധനുഷ് ബ്ലോക്ക്’ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത താരം, മാതൃഭാഷയ്ക്ക് പ്രാധാന്യം നൽകണമെന്നും തമിഴ് അറിയാത്തത് അഭിമാനമായി കാണരുതെന്നും ആഹ്വാനം ചെയ്തു. മറ്റ് ഭാഷകൾ പഠിക്കുന്നത് നല്ലതാണെങ്കിലും സ്വന്തം മാതൃഭാഷ വായിക്കാനും എഴുതാനും സംസാരിക്കാനും ആദ്യം പഠിക്കണമെന്ന് അദ്ദേഹം പറഞ്ഞു.സ്കൂൾ കാലത്ത് ഇംഗ്ലീഷിൽ തനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും തമിഴിൽ നല്ല പ്രാവീണ്യമുണ്ടായിരുന്നുവെന്ന് ധനുഷ് ഓർത്തെടുത്തു. ഇന്ന് പലർക്കും തമിഴ് എഴുതാനോ വായിക്കാനോ അറിയാത്തത് നിരാശാജനകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബെൽജിയത്തിൽ ഒരു ഫ്രഞ്ച് സിനിമയുടെ ചിത്രീകരണത്തിനിടെ ലഭിച്ച അനുഭവം പങ്കുവെച്ച താരം, മാതൃഭാഷയിൽ പ്രാവീണ്യം നേടുന്നതാണ് ഏറ്റവും പ്രധാനമെന്നും ഇംഗ്ലീഷ് ഒരു അധിക യോഗ്യത മാത്രമാണെന്നും പറഞ്ഞു. ചടങ്ങിൽ പഴയ സഹപാഠികൾ, അധ്യാപകർ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.



