2022 ഒക്ടോബറിൽ ഇന്തോനേഷ്യയിലെ സുമാത്രയിലെ ജാംബി പ്രവിശ്യയിലെ ബെറ്റാരയിൽ നടന്ന സംഭവം ഏറെ ഞെട്ടലുണ്ടാക്കിയിരുന്നു. അൻപതുകാരിയായ ജഹ്‌റ റബ്ബർ പാൽ ശേഖരിക്കുന്നതിനായി തോട്ടത്തിലേക്ക് പോയെങ്കിലും രാത്രി വൈകിയും വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്ന് ഭർത്താവും നാട്ടുകാരും നടത്തിയ തിരച്ചിലിൽ തോട്ടത്തിൽ ജഹ്‌റയുടെ വസ്ത്രങ്ങളും ഉപയോഗിച്ചിരുന്ന ചില ഉപകരണങ്ങളും കണ്ടെത്തി. ഇതോടെ തിരച്ചിൽ കൂടുതൽ ശക്തമാക്കി.അടുത്ത ദിവസം രാവിലെ തിരച്ചിൽ സംഘം ഏകദേശം അഞ്ച് മീറ്റർ നീളമുള്ള ഒരു പെരുമ്പാമ്പിനെ കണ്ടെത്തി. പാമ്പിന്റെ വയർ അസാധാരണമായി വീർത്തിരുന്നതാണ് നാട്ടുകാരിൽ സംശയം ജനിപ്പിച്ചത്. ജഹ്‌റയെ പാമ്പ് വിഴുങ്ങിയിരിക്കാമെന്ന സംശയത്തിൽ പാമ്പിനെ കൊന്ന് വയർ പരിശോധിച്ചപ്പോൾ അതിനുള്ളിൽ ജഹ്‌റയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രാദേശിക പൊലീസ് മേധാവിയും പാമ്പിന്റെ വയറ്റിൽ നിന്നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതെന്ന് സ്ഥിരീകരിച്ചു.പെരുമ്പാമ്പുകൾ വിഷമുള്ള പാമ്പുകളല്ല. ഇരയെ വിഷം കുത്തിവെച്ച് കൊല്ലുന്നതിന് പകരം ശരീരം ചുറ്റിപ്പിടിച്ച് ശ്വാസംമുട്ടിച്ചാണ് സാധാരണയായി കീഴടക്കുന്നത്. വലിയ പെരുമ്പാമ്പുകൾക്ക് വലിയ ഇരകളെ പോലും വിഴുങ്ങാൻ കഴിയും. മനുഷ്യരെ വിഴുങ്ങുന്നത് വളരെ അപൂർവമാണെങ്കിലും, ഇന്തോനേഷ്യയിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.



