വികസിത ഭാരതത്തിന്റെ സ്വപ്നം യാഥാർഥ്യമാക്കുന്നതിൽ യുവജനങ്ങളുടെ പങ്ക് നിർണായകമാണെന്നും അതിനായി അവർ ശാരീരികമായും മാനസികമായും ആരോഗ്യവാന്മാരായിരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ‘നശാ മുക്ത് യുവ ഫോർ വിക്സിത് ഭാരത് സങ്കൽപ് അഭിയാൻ’ എന്ന ദേശീയ കാമ്പെയ്നിന് തുടക്കമിട്ടത്. അടുത്ത 100 ആഴ്ചകളിലായി രാജ്യത്തുടനീളം കലാ, സാംസ്കാരിക, കായിക പരിപാടികൾ സംഘടിപ്പിച്ച് ലഹരിവിരുദ്ധ ബോധവത്കരണം ശക്തമാക്കാനാണ് പദ്ധതിയെന്ന് അദ്ദേഹം വ്യക്തമാക്കി.സ്റ്റാർട്ടപ്പുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നവീകരണം, കായികം, ബഹിരാകാശ ഗവേഷണം തുടങ്ങി ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്ന മേഖലകളിൽ യുവജനങ്ങൾ മുന്നിട്ടിറങ്ങേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലഹരി ഉപയോഗം വ്യക്തികളുടെയും കുടുംബങ്ങളുടെയും ജീവിതം തകർക്കുന്നതോടൊപ്പം രാജ്യത്തിന്റെ ഉൽപ്പാദനക്ഷമതയെയും വികസനത്തെയും ബാധിക്കുന്ന ഗുരുതര വെല്ലുവിളിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലഹരിക്കെതിരായ പോരാട്ടം സർക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും കുടുംബങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാമൂഹിക സംഘടനകൾ, സമൂഹം എന്നിവ ഒന്നിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.മയക്കുമരുന്ന് കടത്തുകാരെയും ലഹരി ശൃംഖലകളെയും തകർക്കാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും, ലഹരിയിൽ നിന്ന് മോചിതരാകുന്നവരെ സമൂഹം പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആരോഗ്യവാനും ആത്മവിശ്വാസമുള്ളതുമായ യുവത്വമാണ് വികസിത ഭാരതത്തിന്റെ ഏറ്റവും വലിയ ശക്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



