കേരളത്തിലെ ദേശീയപാത 66ന്റെ നിർമാണം 2028 മെയ് മാസത്തോടെ പൂർത്തിയാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ലോക്സഭയെ അറിയിച്ചു. കർണാടക അതിർത്തിയിലെ തലപ്പാടി മുതൽ തമിഴ്നാട് അതിർത്തിയിലെ കാരോട് വരെയുള്ള 645 കിലോമീറ്റർ ആറുവരി പാതയുടെ പ്രധാന റോഡ് നിർമാണം 2027 ഏപ്രിൽ 30നകം പൂർത്തിയാക്കാനായിരുന്നു ലക്ഷ്യം. എന്നാൽ എലിവേറ്റഡ് ഹൈവേകളുടെ നിർമാണം പൂർത്തിയാക്കാൻ കൂടുതൽ സമയം വേണ്ടിവരുന്നതിനാലാണ് പദ്ധതി 2028 മെയ് വരെ നീളുന്നത്.നിലവിൽ ഏഴ് സെഗ്‌മെന്റുകളിലെ നിർമാണം ഏകദേശം 85 ശതമാനം പൂർത്തിയായിട്ടുണ്ട്. ക്വാറി കല്ലിന്റെയും മണ്ണിന്റെയും ലഭ്യതക്കുറവ്, തമിഴ്നാട്ടിലെ യാത്രാ നിയന്ത്രണങ്ങൾ, മൺസൂൺ മഴ എന്നിവ നിർമാണത്തെ ബാധിച്ചു. തെരഞ്ഞെടുപ്പിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ അതിഥി തൊഴിലാളികൾ തിരിച്ചെത്താൻ വൈകിയതും പണി നീളാൻ കാരണമായതായി NHAI വ്യക്തമാക്കി.



