തൊടുപുഴയിൽ ചിത്രീകരണം ആരംഭിച്ച പുതിയ ചിത്രത്തിലൂടെ കരിക്ക് സ്റ്റുഡിയോസ് സിനിമാ നിർമാണ രംഗത്തേക്ക് കടക്കുന്നു. നിഖിൽ പ്രസാദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം കരിക്കും ഡോ. അനന്തു പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മിക്കുന്നത്. 2018-ൽ ഹാസ്യത്തെ മുൻനിർത്തി ആരംഭിച്ച കരിക്ക് വളരെ കുറച്ച് കാലത്തിനുള്ളിൽ തന്നെ വലിയൊരു ആരാധകവൃന്ദം സ്വന്തമാക്കി.കരിക്കിലെ സ്ഥിരം താരങ്ങളായ അനു കെ. അനിയൻ, അർജുൻ രത്തൻ, ഉണ്ണി മാത്യൂസ്, ആനന്ദ് മാത്യൂസ്, ബിനോയ് ജോൺ, ജീവൻ സ്റ്റീഫൻ, കിരൺ വിയ്യത്ത്, കൃഷ്ണ ചന്ദ്രൻ, ശബരീഷ് സജ്ജിൻ എന്നിവർ ഉൾപ്പെടെ മലയാള സിനിമയിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കും. സുർജിത് എസ്. പൈയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. യാക്സൻ ഗാരി പെരേരയും നേഹ നായരും ചേർന്നാണ് സംഗീതം ഒരുക്കുന്നത്. നിക്സൺ ജോർജാണ് സൗണ്ട് ഡിസൈനർ. അനീറ്റ അബ്രഹാം (പ്രൊഡക്ഷൻ ഡിസൈനർ), സിദ്ധാർഥ് കെ.ടി. (ചീഫ് അസോസിയേറ്റ് ഡയറക്ടർ), അമൽ സേവ്യർ (എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ) എന്നിവർ ഉൾപ്പെടെ ശ്രദ്ധേയമായ അണിയറ പ്രവർത്തകരാണ് ചിത്രത്തിനൊപ്പമുള്ളത്.ഡോ. അനന്തു പ്രൊഡക്ഷൻസിന്റെ മൂന്നാമത്തെ നിർമാണ സംരംഭമാണിത്. ബേസിൽ ജോസഫ് നിർമിക്കുന്ന ‘അതിരടി’ എന്ന ചിത്രത്തിന്റെയും സഹനിർമാതാക്കളാണിവർ. തങ്ങളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളെ ബിഗ് സ്ക്രീനിൽ കാണാനുള്ള ആവേശത്തിലാണ് കരിക്ക് ആരാധകർ.



