ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ ഈ മാസം 23നും 24നും നടക്കുന്ന ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കാന്‍ 13കാരനും. ബിഹാറില്‍ നിന്നുള്ള 13കാരന്‍ വൈഭവ് സൂര്യവൻശിയാണ് ലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള 574 താരങ്ങളുടെ അന്തിമപട്ടികയില്‍ ഇടം നേടിയത്. 30 ലക്ഷം രൂപയാണ് വൈഭവിന്‍റെ അടിസ്ഥാന വില.2011 മാര്‍ച്ച് 27ന് ജനിച്ച വൈഭവ് ഈ വര്‍ഷം ജനുവരിയില്‍ തന്‍റെ 12-ാം വയസിൽ ബിഹാറിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 1986നുശേഷം കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും ഇതോടെ വൈഭവിന് സ്വന്തമാക്കിയിരുന്നു. ഇത്തവണ ഐപിഎല്‍ ലേലത്തില്‍ ഏതെങ്കിലും ടീമിലെത്തിയാല്‍ ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും വൈഭവ് സ്വന്തമാക്കും. ഇടം കൈയന്‍ ബാറ്ററായ വൈഭവ് ഐപിഎല്‍ ലേലപ്പട്ടികയില്‍ 491-ാം പേരുകാരനാണ്.



