അമേരിക്കയിൽ എസ്സാർ ഗ്രൂപ്പിന്റെ വൻ നിക്ഷേപം; അയോവയിൽ 15 ബില്യൺ ഡോളറിന്റെ ഉരുക്ക് പ്ലാന്റ്വാഷിംഗ്ടൺ: അമേരിക്കയിൽ 18 ബില്യൺ ഡോളർ നിക്ഷേപിക്കാൻ ഇന്ത്യയിലെ എസ്സാർ ഗ്രൂപ്പ് പദ്ധതിയിടുന്നു. ഇതിൽ 15 ബില്യൺ ഡോളർ ചെലവിൽ അയോവയിൽ സ്ഥാപിക്കുന്ന വൻ ഉരുക്ക് പ്ലാന്റും ഉൾപ്പെടുന്നു. എസ്സാർ ഗ്രൂപ്പിന്റെ യുഎസ് ഉപസ്ഥാപനമായ മെസാബി മെറ്റാലിക്സ് ആണ് പ്ലാന്റ് വികസിപ്പിക്കുന്നത്.വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ നടന്ന ചടങ്ങിലാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പദ്ധതി പ്രഖ്യാപിച്ചത്. എസ്സാർ ഗ്രൂപ്പ് ഉടമകളായ റൂയിയ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റായിരിക്കും ഇതെന്നാണ് ട്രംപ് അവകാശപ്പെട്ടത്.2030ൽ ഉൽപ്പാദനം ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. പൂർണമായി പ്രവർത്തനസജ്ജമാകുമ്പോൾ പ്രതിവർഷം 10 ദശലക്ഷം ടൺ ഉരുക്ക് ഉൽപ്പാദിപ്പിക്കാൻ പ്ലാന്റിന് ശേഷിയുണ്ടാകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഉരുക്ക് ഉൽപ്പാദനത്തിന്റെ മുഴുവൻ ഘട്ടങ്ങളും അമേരിക്കയിൽ തന്നെ നടത്താനാണ് പദ്ധതി.മിനസോട്ടയിലെ എസ്സാറിന്റെ ഖനികളിൽ നിന്നുള്ള ഇരുമ്പയിര് ഉപയോഗിച്ചായിരിക്കും പ്ലാന്റിന്റെ പ്രവർത്തനം. ഇതോടെ ഖനനം മുതൽ ഉരുക്ക് ഉൽപ്പാദനം വരെയുള്ള ഒരു സംയോജിത അമേരിക്കൻ വിതരണ ശൃംഖല രൂപപ്പെടുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.അമേരിക്കൻ ആഭ്യന്തര ഉൽപ്പാദനത്തിന് മുൻഗണന നൽകുന്ന ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളുമായി പദ്ധതിക്ക് അടുത്ത ബന്ധമുണ്ട്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ഉരുക്കിന് ഏർപ്പെടുത്തിയ 50 ശതമാനം തീരുവ അമേരിക്കയിൽ പുതിയ വ്യവസായ നിക്ഷേപങ്ങൾക്ക് കാരണമാകുന്നുവെന്ന് ട്രംപ് പറഞ്ഞു.ദേശീയ പ്രാധാന്യംഅമേരിക്കൻ പ്രതിരോധ മേഖല, വാഹന നിർമ്മാണം, കപ്പൽ നിർമാണം, ഗാർഹികോപകരണങ്ങൾ, ഊർജ മേഖല, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകൾക്ക് ആവശ്യമായ ഉരുക്ക് ആഭ്യന്തരമായി ലഭ്യമാക്കുന്നതിൽ പ്ലാന്റിന് പ്രധാന പങ്കുണ്ടാകുമെന്ന് മെസാബി മെറ്റാലിക്സ് സിഇഒ ജോ ബ്രോക്കിംഗ് പറഞ്ഞു.മെസാബി മെറ്റാലിക്സ് ചെയർമാൻ രേവന്ത് റൂയിയ, അമേരിക്കയിൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിന്റെ പ്രാധാന്യം തിരിച്ചുകൊണ്ടുവന്നതിന് ട്രംപിനോട് നന്ദി അറിയിച്ചു.1969ൽ ശശി റൂയിയയും രവി റൂയിയയും ചേർന്ന് സ്ഥാപിച്ച എസ്സാർ ഗ്രൂപ്പ് ഊർജം, ഖനനം, സ്റ്റീൽ, സാങ്കേതികവിദ്യ, റീട്ടെയിൽ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യവസായ ഗ്രൂപ്പാണ്. ഗുജറാത്തിലെ ഹസീരയിലെ വലിയ സ്റ്റീൽ പ്ലാന്റും വദിനാറിലെ റിഫൈനറിയും ഉൾപ്പെടെ ഇന്ത്യയിലും കമ്പനിക്ക് വലിയ ആസ്തികളുണ്ട്.മിനസോട്ടയിലെ ഇരുമ്പയിര് വിഭവങ്ങളിൽ വലിയ നിയന്ത്രണമുള്ള മെസാബി മെറ്റാലിക്സ് 2007 മുതൽ അമേരിക്കയിൽ പ്രവർത്തിക്കുന്നു. അമേരിക്കയിലെ പുതിയ നിക്ഷേപം എസ്സാർ ഗ്രൂപ്പിന്റെ ഏറ്റവും വലിയ വിദേശ നിക്ഷേപ പദ്ധതികളിലൊന്നായി മാറുകയാണ്.



