ബോളിവുഡിലും ദക്ഷിണേന്ത്യൻ സിനിമകളിലും ശക്തമായ വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ പ്രദീപ് റാവത്ത് (74) അന്തരിച്ചു. രക്താർബുദ ബാധിതനായി ചികിത്സയിലിരിക്കെയാണ് ചൊവ്വാഴ്ച വൈകിട്ട് മുംബൈയിൽ അന്ത്യം സംഭവിച്ചത്. ബി.ആർ. ചോപ്രയുടെ പ്രശസ്ത ടെലിവിഷൻ പരമ്പരയായ മഹാഭാരത് സീരിയലിലെ അശ്വത്ഥാമ കഥാപാത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധ നേടിയത്. തുടർന്ന് ലഗാൻ സിനിമയിലെ ദേവ് സിങ് സോധിയായും ഗജിനിയിലെ ക്രൂര വില്ലനായും പ്രേക്ഷക മനസുകളിൽ ഇടം നേടി. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിലായി നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച പ്രദീപ് റാവത്ത്, ശക്തമായ പ്രതിനായക വേഷങ്ങളിലൂടെ ഇന്ത്യൻ സിനിമയിലെ ശ്രദ്ധേയ സ്വഭാവനടനായി മാറി. മലയാളത്തിൽ ചൈന ടൗൺ, ഇത് പാതിരാമണൽ, കസിൻസ്, ഒരു കടത്തനാടൻ കഥ തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.



