ബെയ്‌ജിങ്: ശാസ്ത്ര-സാങ്കേതികരംഗത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ് ചൈന. ഇപ്പോഴിതാ കൃത്രിമ സൂര്യനെ ഉപയോഗിച്ച് ഉയർന്ന താപനില സൃഷ്‍ടിച്ച് ചൈനീസ് ശാസ്ത്രജ്ഞർ ലോക റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നു. ചൈനയുടെ ‘കൃത്രിമ സൂര്യൻ’ എന്നറിയപ്പെടുന്ന ന്യൂക്ലിയർ ഫ്യൂഷൻ റിയാക്ടറാണ് വീണ്ടും ലോക റെക്കോർഡ് തകർത്തത്. എക്സ്പിരിമെന്‍റൽ അഡ്വാൻസ്ഡ് സൂപ്പർകണ്ടക്റ്റിംഗ് ടോകാമാക് അഥവാ ഈസ്റ്റ് ( EAST) 1,066 സെക്കൻഡ് നേരത്തേക്ക് സൂപ്പർ-ഹോട്ട് പ്ലാസ്മ നിലനിർത്തുന്നതിൽ വിജയിച്ചു.ചൈനയുടെ ആണവ സംയോജനത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ സംഭവങ്ങളിലൊന്നായി കൃത്രിമ സൂര്യന്‍റെ പരീക്ഷണം വിശേഷിപ്പിക്കപ്പെടുന്നു. ഫ്യൂഷൻ ഗവേഷണത്തിൽ ഇപ്പോഴത്തെ പുതിയ റെക്കോർഡ് നിര്‍ണായകമായൊരു നാഴികക്കല്ലാണ്. ചൈനീസ് അക്കാദമി ഓഫ് സയൻസസിന് (ASIPP) കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്മ ഫിസിക്സാണ് ഈ പരീക്ഷണം നടത്തിയത്. പ്ലാസ്മയിലെ താപനില 180 ദശലക്ഷം ഫാരൻഹീറ്റ് (10 കോടി ഡിഗ്രി സെൽഷ്യസ്) 1066 സെക്കൻഡ് (17 മിനിറ്റ്) കൊണ്ട് കൈവരിച്ചു. ഇത് 2023-ൽ സ്ഥാപിച്ച 403 സെക്കൻഡ് എന്ന മുൻ റെക്കോർഡ് മറികടക്കുന്നതായിരുന്നു എന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സൂര്യന്‍റെ ഊർജ്ജ ഉൽപ്പാദനത്തെ പുനഃസൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്ന ന്യൂക്ലിയർ ഫ്യൂഷൻ, ശാസ്ത്രജ്ഞരുടെ ദീർഘകാല ലക്ഷ്യമാണ്. എന്നാൽ 100 ദശലക്ഷം ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള താപനില കൈവരിക്കുന്നതും അതിന്‍റെ സ്ഥിരമായ പ്രവർത്തനം നിലനിർത്തുകയും എപ്പോഴും ഒരു വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ 1,000 സെക്കൻഡ് നേരത്തേക്ക് സിസ്റ്റത്തെ സ്ഥിരപ്പെടുത്തുന്നതിലൂടെ, ഫ്യൂഷൻ സാങ്കേതികവിദ്യ മെച്ചപ്പെടുത്തുന്നതിൽ ചൈന ഇപ്പോള്‍ ഒരു സുപ്രധാന നാഴികക്കല്ലിൽ എത്തിയതായി വിദഗ്ധർ വിശ്വസിക്കുന്നു.



