തിരുവനന്തപുരം: കോർപറേഷനിലെ വാഴോട്ടുകോണം ബി.ജെ.പി കൗൺസിലറും കാപ്പാ കേസിൽ പ്രതിയുമായ ആർ. സുഗതന് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. രണ്ട് കേസുകളിലായി ഒന്നര ദിവസത്തോളമാണ് ജാമ്യം ലഭിക്കുക.ജൂലൈ 13ന് വൈകീട്ട് അഞ്ച് മണി മുതൽ ജൂലൈ 14 ന് രാത്രി ഒമ്പത് വരെയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്. ഹൈകോടതി നിർദേശപ്രകാരം കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് വേണ്ടിയാണ് പ്രതിഭാഗം ജാമ്യാപേക്ഷ സമർപ്പിച്ചത്. നിലവിൽ വിയ്യൂർ ജയിലിലാണ് സുഗതൻ.
ഇടക്കാല ജാമ്യം ലഭിച്ചെങ്കിലും, കാപ്പ പ്രകാരമുള്ള തടവിന്മേൽ ഇളവ് ലഭിക്കാൻ സുഗതന് ഹൈകോടതിയെ സമീപിക്കേണ്ടി വരും. ഹൈകോടതിയിൽ നിന്ന് കൂടി അനുകൂല ഉത്തരവ് ഉണ്ടായാൽ മാത്രമേ സുഗതന് പുറത്തിറങ്ങി സത്യപ്രതിജ്ഞ ചെയ്യാൻ സാധിക്കുകയുള്ളൂ എന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.സത്യപ്രതിജ്ഞാ ലംഘനം നടത്തിയതിന് ഹൈകോടതി അയോഗ്യനാക്കിയ സുഗതന്, ജൂലൈ 24നകം വീണ്ടും സത്യപ്രതിജ്ഞ ചെയ്തില്ലെങ്കിൽ കൗൺസിലർ സ്ഥാനം നഷ്ടമാകും.



