അഗ്രി-ഫുഡ് മേഖലയിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ ശക്തിപ്പെടുത്താൻ കേര (കേരള ക്ലൈമറ്റ് റേസിലിയന്റ് അഗ്രി വാല്യൂ ചെയിൻ മോഡേണൈസേഷൻ) പദ്ധതിയുടെ ഭാഗമായി ‘കേര സ്മാർട്ട്’ (KERA SMART) പദ്ധതി ആരംഭിച്ചു. ലോകബാങ്കിന്റെ സഹകരണത്തോടെ കൃഷിവകുപ്പ് നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ അഗ്രി-ഫുഡ് എം.എസ്.എം.ഇ.കൾക്ക് സാമ്പത്തികവും സാങ്കേതികവുമായ പിന്തുണ ലഭ്യമാക്കും. ഒരു സംരംഭത്തിന് പരമാവധി 1.5 കോടി രൂപ വരെ ഗ്രാന്റ് അനുവദിക്കുന്ന പദ്ധതിയുടെ ലക്ഷ്യം കാർഷികോൽപ്പന്നങ്ങളുടെ മൂല്യവർധന, ആധുനിക സംസ്കരണം, വിപണി വികസനം, കയറ്റുമതി ശക്തിപ്പെടുത്തൽ എന്നിവയാണ്. കുറഞ്ഞത് മൂന്ന് വർഷമായി കേരളത്തിൽ പ്രവർത്തിക്കുന്നതും മികച്ച വളർച്ചാ സാധ്യതയുള്ളതുമായ യൂണിറ്റുകൾക്കാണ് ആനുകൂല്യം ലഭിക്കുക. യന്ത്രസാമഗ്രികളിൽ 50 ലക്ഷം രൂപയിലധികം നിക്ഷേപമുള്ള മൈക്രോ യൂണിറ്റുകളെയും പദ്ധതിയിൽ ഉൾപ്പെടുത്തും.



