ബാധ ഒഴിപ്പിക്കലിന്റെ പേരിൽ ക്രൂര മർദ്ദനമേറ്റ യുവാവ് കൊല്ലപ്പെട്ടു. പാസ്റ്ററിനെതിരെ വീട്ടുകാർ പോലീസിൽ പരാതി നൽകി. പഞ്ചാബിലെ ഗുരുദാസ്പൂരിലാണ് സംഭവം. അപസ്മാരം പിടിപെടുന്നത് പതിവായതോടെ, കുടുംബം സഹായത്തിനായി ഒരു പുരോഹിതനെ സമീപിച്ചു. ഇതിന് പിന്നാലെയാണ് ജേക്കബ് മാസിഹ് എന്ന ജാക്കിയും എട്ട് സഹായികളും ഇവരുടെ വീട്ടിലെത്തിയത്. സാമുവൽ എന്ന യുവാവിനെ ചെകുത്താൻ ബാധിച്ചെന്നും ഒഴിപ്പിക്കൽ നടത്തണമെന്നും പാസ്റ്റർ ആവശ്യപ്പെട്ടു.
ഇതിന്പിന്നാലെ പാസ്റ്ററും സഹായികളും യുവാവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിനൊടുവിൽ അവശനായ യുവാവിനെ വീട്ടിലെ സോഫയിൽ കിടത്തിയ ശേഷം പാസ്റ്ററും അനുയായികളും മടങ്ങുകയായിരുന്നു. ഓഗസ്റ്റ് 21ന് രാത്രിയാണ് ഒഴിപ്പിക്കൽ നടന്നത്.രാവിലെ സോഫയിൽ മരിച്ചനിലയിൽ സാമുവലിനെ കുടുംബം കണ്ടെത്തുകയായിരുന്നു. മൂന്ന് കുട്ടികളാണ് സാമുവലിനുള്ളത്. വീടിന് സമീപത്തെ സെമിത്തേരിയിൽ സാമുവലിനെ അടക്കം ചെയ്ത ശേഷം വീട്ടുകാർ പാസ്റ്ററിനെതിരെ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.



