ഗൗതം വസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ ഒരുക്കിയ ‘ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്’ എന്ന കോമഡി ഇൻവെസ്റ്റിഗേഷൻ ചിത്രം കഴിഞ്ഞ ദിവസമാണ് തിയറ്ററുകളില്‍ എത്തിയത്. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഈ ചിത്രത്തിൽ അദ്ദേഹത്തിനൊപ്പം യുവതാരം ഗോകുൽ സുരേഷും നിർണ്ണായകമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഡൊമിനിക് എന്ന ഡിറ്റക്റ്റീവ് കഥാപാത്രമായി മമ്മൂട്ടി എത്തുമ്പോള്‍ അദ്ദേഹത്തിന്റെ സഹായിയായ വിക്കി എന്ന വിഘ്‌നേശ് ആയാണ് ഗോകുൽ സുരേഷ് എത്തിയിരിക്കുന്നത്. കലൂരിന്റെ ഷെർലക് ഹോംസ് എന്നാണ് ഡൊമിനിക്കിനുള്ള വിശേഷണം. ഡൊമിനിക് കേസ് അന്വേഷിക്കുമ്പോൾ ആ ഷെർലക്കിന്റെ സ്വന്തം വാട്സൺ എന്ന പ്രതീതിയാണ് ഗോകുലിന്‍റെ കഥാപാത്രം പ്രേക്ഷകരില്‍ ജനിപ്പിക്കുന്നത്.ഓൺസ്‌ക്രീനിലെ ഇരുവരുടെയും രസതന്ത്രം രസകരുമാണ്. ഇരുവരുടേയും കോമഡി ടൈമിംഗും ശരീര ഭാഷയും ഈ കഥാപാത്രങ്ങളെ ഏറെ ഊർജസ്വലരാക്കിയിട്ടുണ്ട്. ഇരുവരും ഒരുമിച്ചെത്തുന്ന രംഗങ്ങളെല്ലാം പ്രേക്ഷകർക്കു ഒരു വിരുന്നായി മാറുന്നുണ്ടെന്നതാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. കുടുംബ പ്രേക്ഷകരേയും യുവ പ്രേക്ഷകരേയും ഒരുപോലെ കയ്യിലെടുക്കുന്ന ഈ കോംബോ, എൺപതുകളുടെ അവസാനത്തിലും തൊണ്ണൂറുകളിലും നമ്മൾ കണ്ടിട്ടുള്ള മമ്മൂട്ടി- സുരേഷ് ഗോപി ടീമിനെയും ഓർമിപ്പിക്കുന്നു. ഒരു സിബിഐ ഡയറികുറിപ്പ്, ജാഗ്രത തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടി കഥാപാത്രത്തിനൊപ്പം എത്തിയ സുരേഷ് ഗോപിയെ ആണ് ഇന്ന് ‘ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്’ എന്ന ചിത്രത്തിലെ ഗോകുൽ സുരേഷും ഓർമ്മിപ്പിക്കുന്നത്.



