മുംബൈ: വരാനിരിക്കുന്ന ചിത്രമായ ഛാവയുടെ ട്രെയിലർ ലോഞ്ചിനിടെ ഛാവയിൽ മറാത്ത രാജ്ഞി യേശുഭായ് ഭോൻസാലെയെ അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് നടി രശ്മിക മന്ദാന. ഈ റോളിന് ശേഷം അഭിനയത്തില്‍ നിന്നും വിരമിക്കാന്‍ പറ്റിയാല്‍ അതിലും സന്തോഷം എന്നാണ് നടി പറഞ്ഞത്.ലക്ഷ്മൺ ഉടേക്കർ സംവിധാനം ചെയ്യുന്ന സിനിമയില്‍ നടൻ വിക്കി കൗശലിന്റെ നായികയായാണ് രശ്മിക എത്തുന്നത്. യേശുഭായ് ഭോൻസാലെയുടെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞത് ബഹുമതിയാണെന്ന് നടി തുറന്നു പറഞ്ഞു.“ഇതൊരു ബഹുമതിയാണ്. മഹാറാണി യേശുഭായിയായി അഭിനയിക്കാൻ കഴിയുന്നത് ദക്ഷിണേന്ത്യയിൽ നിന്ന് വന്ന പെൺകുട്ടിക്ക് ഈ ജീവിതകാലത്ത് ലഭിക്കുന്ന ഏറ്റവും വലിയ പദവിയും പ്രത്യേകതയുമാണ്. ഞാൻ ലക്ഷ്മണ് സാറിനോട് പറയുകയായിരുന്നു, ഇതിനുശേഷം, അഭിനയത്തില്‍ നിന്നും വിരമിക്കുന്നത് പോലും സന്തോഷമാണെന്ന്. ഞാൻ കരയുന്ന ആളല്ല, പക്ഷേ ഈ ട്രെയിലർ എന്നെ കരയിപ്പിച്ചു. വിക്കി ദൈവത്തെപ്പോലെയാണ്, അവൻ ഛാവയാണ്.” രശ്മിക ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ പറഞ്ഞു. ഇതിഹാസ മറാത്ത യോദ്ധാവ് ഛത്രപതി സംഭാജി മഹാരാജായി വിക്കി എത്തുന്ന ചിത്രം ഗംഭീര ദൃശ്യ വിരുന്നാകും പ്രേക്ഷകന് സമ്മാനിക്കുക എന്നാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലർ നൽകുന്ന സൂചന.



