ഹോളിവുഡ്: യൂണിവേഴ്സൽ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ക്രിസ്റ്റഫർ നോളന്റെ അടുത്ത ചിത്രം ഗ്രീക്ക് മഹാകവി ഹോമറിന്റെ ഇതിഹാസ കാവ്യമായ ദി ഒഡീസിയെ അധികരിച്ചാകും. ഹോമറിന്റെ ഐതിഹാസികമായ ഗ്രീക്ക് ഇതിഹാസം 2026 ജൂലൈ 17-ന് ലോകമെമ്പാടും റിലീസ് ചെയ്യാനാണ് നോളന് പദ്ധതിയിടുന്നത്. ഈ ചിത്രത്തില്‍ മാറ്റ് ഡാമൺ, ആൻ ഹാത്ത്വേ, ടോം ഹോളണ്ട്, സെൻഡയ, റോബർട്ട് പാറ്റിൻസൺ എന്നിവര്‍ അഭിനേതാക്കള്‍ ആകുമെന്നാണ് റിപ്പോര്‍ട്ട്24 പുസ്തകങ്ങളായി തിരിച്ചിരിക്കുന്ന മഹാകാവ്യമാണ് ഒഡീസി. ട്രോജൻ യുദ്ധത്തിന് ശേഷം ഗ്രീസിന്റെ നിര്‍ണ്ണായക വിജയം ഉറപ്പാക്കിയ ഇത്താക്കയിലെ രാജാവായ ഒഡീസിയസിന്റെ അപകടകരമായ മടക്കയാത്രയാണ് ഈ ഇതിഹാസത്തില്‍ പറയുന്നത്. മനുഷ്യന്റെ ഇച്ഛയും ദൈവിക കല്‍പ്പനയും തമ്മിലുള്ള പോരാട്ടമാണ് ഈ കൃതിയുടെ അടിസ്ഥാനം എന്നാണ് പല പാശ്ചത്യ നിരൂപകരും വിലയിരുത്തിയിരിക്കുന്നത്. ഒഡീസിയസിന്റെ സൈക്ലോപ്സ് ദുര്‍ദേവതയുമായും മറ്റ് പലരുമായുള്ള ഭാര്യ പെനലോപ്പുമായി വീണ്ടും ഒന്നിക്കുന്നതിന് മുമ്പുള്ള ഏറ്റുമുട്ടലാണ് ഈ ഇതിഹാസത്തിലെ വലിയൊരു ഭാഗം. ലോക സിനിമയില്‍ നിരവധി തവണ സിനിമകളും സീരിസുകളുമായി ദി ഒഡീസി എത്തിയിട്ടുണ്ട്. യൂണിവേഴ്സല്‍ പിക്ചേര്‍സുമായി ചേര്‍ന്ന് നോളന്റെ രണ്ടാമത്തെ ചിത്രം ആയിരിക്കും ദി ഒഡീസി. ‘ഓപ്പൺഹൈമർ’ എന്ന ചിത്രമാണ് ഈ കൂട്ടുകെട്ടില്‍ ആദ്യം പിറന്നത്. ആറ്റം ബോംബിന്റെ പിതാവ് എന്ന് അറിയിപ്പെടുന്ന ഓപ്പൺഹൈമറിന്റെ ജീവിതം അവതരിപ്പിച്ച ചലച്ചിത്രം വന്‍ ബോക്സോഫീസ് വിജയം നേടിയിരുന്നു. ഒപ്പം തന്നെ നോളന് സംവിധാനത്തിനുള്ള ആദ്യ ഒസ്കാര്‍ പുരസ്കാരവും നേടികൊടുത്തിരുന്നു.



