ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍നിന്ന് അസ്വാഭാവികമാം വിധം വലിയ തോതില്‍ തൊഴിലാളികള്‍ പുറത്താകുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള ആറുമാസം രജിസ്റ്റര്‍ ചെയ്തിരുന്ന 84.8 ലക്ഷം തൊഴിലാളികള്‍ പദ്ധതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതായാണ് അക്കാദമികപണ്ഡിതരും ആക്ടിവിസ്റ്റുകളും അടങ്ങിയ ‘ലിബ് ടെക്’ നടത്തിയ പഠനം കണ്ടെത്തിയത്. 45.4 ലക്ഷം പുതിയ തൊഴിലാളികളെ ഉള്‍പ്പെടുത്തി. തമിഴ്‌നാട്ടിലാണ് ഏറ്റവുമധികം പേര്‍ പുറത്തായത്, 14.7 ശതമാനം. രണ്ടാം സ്ഥാനത്തുള്ള ഛത്തീസ്ഗഢില്‍ 14.6 ശതമാനം പേര്‍ പുറത്തായി. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും 80 ലക്ഷം പേര്‍ പുറത്തായെന്ന റിപ്പോര്‍ട്ട് സംഘടന നേരത്തേ പുറത്തുവിട്ടിരുന്നു.കേരളത്തില്‍ പുറത്തായത് ഒരു ലക്ഷത്തോളം തൊഴിലാളികള്‍; പുറത്താകുന്നത് കൂടിയത് ആധാര്‍ അധിഷ്ഠിത വേതനവിതരണ സംവിധാനം നിര്‍ബന്ധമായതോടെയാണ്.കഴിഞ്ഞവര്‍ഷത്തെക്കാള്‍ ഈ വര്‍ഷം പദ്ധതിയിലെ സജീവതൊഴിലാളികളുടെ എണ്ണത്തില്‍ എട്ടുശതമാനം ഇടിവുണ്ടായി എന്നാണ് റിപ്പോര്‍ട്ട്. തുടര്‍ച്ചയായി മൂന്നുവര്‍ഷമെങ്കിലും സ്ഥിരമായി പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പ് നേടിയ തൊഴിലാളികളെയാണ് ‘സജീവതൊഴിലാളി’കളായി കണക്കാക്കുക.ആധാര്‍ അധിഷ്ഠിത വേതനവിതരണ സംവിധാനത്തില്‍ ഉള്‍പ്പെടുന്നതിന് പല കടമ്പ കടക്കേണ്ടതുണ്ട്. ആധാര്‍ കാര്‍ഡ് തൊഴില്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം, ആധാര്‍ കാര്‍ഡിലെ പേര് തന്നെയാണ് തൊഴില്‍ കാര്‍ഡിലുമെന്ന് ഉറപ്പിക്കണം, ബാങ്ക് അക്കൗണ്ട് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം, ആ അക്കൗണ്ട് നാഷണല്‍ പേമെന്റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ രേഖപ്പെടുത്തണം. കേരളമാണ് ഏറക്കുറെ എ.ബി.പി.എസ്. പൂര്‍ത്തീകരണത്തില്‍ മുന്നില്‍. മറ്റു മാനദണ്ഡങ്ങളാല്‍ പുറത്താക്കപ്പെടുന്നവരുമുണ്ട്. ‘സജീവതൊഴിലാളി’കളല്ലാതാവുക പോലുള്ള കാരണങ്ങളുമുണ്ട്.



