നടിയെ ആക്രമിച്ച കേസിൽ മുഖ്യ പ്രതിയായ പൾസർ സുനിക്ക് ജാമ്യം നൽകി സുപ്രീംകോടതി. പൾസർ സുനിക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന സർക്കാർ എതിർത്തെങ്കിലും കോടതി ജാമ്യം നൽകുകയായിരുന്നു. കേസിൽ നീതിപൂർവ്വമായ വിചാരണ നടക്കുന്നില്ലെന്നും ദീലീപിൻറെ അഭിഭാഷകനാണ് വിചാരണ നീട്ടിക്കൊണ്ടു പോകുന്നതെന്നും പൾസർ സുനി കോടതിയിൽ വാദിച്ചു.
കേസിലെ പ്രതികളാക്കപ്പെട്ടവർക്ക് തുല്യനീതി ലഭിക്കുന്നില്ല. താൻ ജയിലിൽ കഴിയുകയും കേസിലെ മുഖ്യസൂത്രധാരൻ എന്ന് പൊലീസ് പറയുന്ന പ്രമുഖ നടൻ ജാമ്യത്തിൽ കഴിയുന്നത് വൈരുധ്യമുള്ള കാഴ്ചയാണ് തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും പൾസർ സുനി കോടതിയിൽ പറഞ്ഞു. വിചാരണ വൈകുന്നതെന്ന് സംബന്ധിച്ച് സംസ്ഥാനത്തിന്റെ നിലപാട് കോടതി ചോദിച്ചു. തുല്യനീതിയുടെ ലംഘനമാകില്ലേ ഇനി ജാമ്യം നൽകിയില്ലെങ്കിൽ എന്ന് സുപ്രിം കോടതി ചോദിച്ചു. ഇത്രയും വർഷം വിചാരണ നേരിടേണ്ടിവരുന്നു എന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. സംസ്ഥാനം ജാമ്യം നിഷേധിക്കുന്നത് അംഗീകരിക്കാൻ ആകില്ലെന്ന് കോടതി വ്യക്തമാക്കി.
അതേസമയം, ആരോഗ്യപരമായ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി സുനി നൽകിയ ജാമ്യാപേക്ഷ സെപ്റ്റംബറിൽ പരിഗണിക്കാം എന്നായിരുന്നു കോടതി ആദ്യം വ്യക്തമാക്കിയത്. എന്നാൽ സുനി ഹാജരാക്കിയ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഉൾപ്പടെ പരിശോധിച്ച ശേഷം ഓഗസ്റ്റ് 27 ന് ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇത്തവണ സുനി ഹർജി സമർപ്പിച്ചത്. നേരത്തെ സുനി നൽകിയ അപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. വിചാരണയുടെ അന്തിമഘട്ടത്തിലായതിനാല്‍ ജാമ്യം നല്‍കരുതെന്ന് സര്‍ക്കാരും വാദിച്ചു.



