സിനിമ കോൺക്ലേവ് നവംബർ നാലാം വാരം കൊച്ചിയിൽ നടക്കും. മുഖ്യമന്ത്രിയുടെ സൌകര്യം അനുസരിച്ച് ഉദ്ഘാടന ദിവസം തീരുമാനിക്കും. വിവിധ മേഖലകളിൽ നിന്നുള്ള 350 ക്ഷണിതാക്കൾ പങ്കെടുക്കും. ചലച്ചിത്ര വികസന കോര്പറേഷൻ ചെയര്മാൻ ഷാജി എൻ കരുണിനാകും നടത്തിപ്പ് ചുമതല.സമഗ്രമായ സിനിമാ നയം രൂപീകരിക്കുന്നതിന് മുന്നോടിയായാണ് സിനിമാ മേഖലയിലെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള പ്രമുഖരെ ഉൾപ്പെടുത്തി വിപുലമായ കോൺക്ലേവ് നടത്തുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം, നാലര വര്‍ഷമായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കയ്യിലുണ്ടായിട്ടും എന്ത് ചെയ്തെന്ന ചോദ്യത്തിനാണ് കോണ്‍ക്ലേവ് എന്ന മറുപടി സര്‍ക്കാര്‍ നല്‍കുന്നത്.
എന്നാൽ കോൺക്ലേവുമായി സഹകരിക്കില്ലെന്നാണ് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുള്ളത്. ഇരകളെയും വേട്ടക്കാരേയും ഒരുമിച്ചിരുത്തിയാണോ കോൺക്ലേവ് നടത്തുന്നതെന്ന് ഡബ്ല്യുസിസിയും ചോദിച്ചിരുന്നു. അതേസമയം, നടൻ സിദ്ദിഖിനും സംവിധായകൻ രഞ്ജിത്തിനും എതിരെ ഉയർന്ന ലൈംഗികാരോപണങ്ങളിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം ഇന്ന് ആരംഭിക്കും. ഐജി സ്പർജൻകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പരാതിക്കാരുടെ മൊഴിയെടുത്ത ശേഷം തുടർ നടപടി സ്വീകരിക്കും. സിനിമാ മേഖലയിലെ ഉന്നതരെ കുറിച്ച് ഉയർന്ന ലൈംഗികാരോപണങ്ങൾ സർക്കാരിനെയും പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇടപെട്ട് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്.



