വിദേശ തൊഴിലാളികൾക്കുള്ള കുടിയേറ്റ നടപടികളിൽ നിയന്ത്രണം കടുപ്പിച്ച് അമേരിക്ക. ഇൻഫോസിസ്, ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), വിപ്രോ, എച്ച്സിഎൽ, കോഗ്നിസന്റ്, ക്യാപ്ജെമിനി, മൈക്രോസോഫ്റ്റ്, അഡോബി തുടങ്ങിയ പ്രമുഖ ഐടി കമ്പനികളെ ഗ്രീൻ കാർഡ് നടപടികളിലെ പ്രധാന ഘട്ടമായ പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ (PERM) പദ്ധതിയിൽനിന്ന് സസ്പെൻഡ് ചെയ്തതായി റിപ്പോർട്ട്. പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതും തീർപ്പാകാത്ത അപേക്ഷകളുടെ നടപടികളും നിർത്തിവയ്ക്കുമെന്നാണ് അധികൃതരുടെ അറിയിപ്പ്. എച്ച്-1ബി വിസ ഉൾപ്പെടെയുള്ള വിദേശ തൊഴിലാളി നിയമന പദ്ധതികളിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വിശദീകരണം. അമേരിക്കൻ തൊഴിലാളികളുടെ തൊഴിൽ അവസരങ്ങൾ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി. യുഎസ് തൊഴിൽ സെക്രട്ടറി കീത്ത് സോണ്ടർലിങ്ങിന്റെ അവകാശവാദപ്രകാരം, 2009 മുതൽ ഈ കമ്പനികൾ ചേർന്ന് ഏകദേശം 30 ലക്ഷം വിദേശ തൊഴിലാളികൾക്കായി അപേക്ഷിക്കുകയും 2.30 ലക്ഷത്തിലധികം എച്ച്-1ബി വിസകൾക്ക് അംഗീകാരം നേടുകയും ചെയ്തിട്ടുണ്ട്. ഒരു ലക്ഷത്തിലധികം പെർമനന്റ് ലേബർ സർട്ടിഫിക്കേഷനുകളും ലഭിച്ചിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാദം. മൈക്രോസോഫ്റ്റ് അമേരിക്കൻ ജീവനക്കാരെ പിരിച്ചുവിട്ടിട്ടും വിദേശ തൊഴിലാളികൾക്കുള്ള വിസകൾ നേടിയെന്നാരോപിച്ച് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും കമ്പനിയെ വിമർശിച്ചു. എന്നാൽ, PERM നടപടികൾ നിർത്തിവയ്ക്കുന്നത് ബാധിക്കപ്പെടുന്ന എല്ലാ ജീവനക്കാരുടെയും നിലവിലെ വിസയോ താമസാനുമതിയോ സ്വമേധയാ റദ്ദാക്കുന്നതല്ല; തൊഴിൽ അടിസ്ഥാനത്തിലുള്ള ഗ്രീൻ കാർഡ് നടപടികളെയാണ് ഇത് നേരിട്ട് ബാധിക്കുന്നത്.



