ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎഇ സന്ദർശിച്ചതായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. യു.എഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നെതന്യാഹു കൂടിക്കാഴ്ച നടത്തിയതായി ഔദ്യോഗിക വാർത്താ ഏജൻസിയായ ഡബ്ല്യു.എ.എം റിപ്പോർട്ട് ചെയ്തു.ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും സഹകരണവും ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചാണ് പ്രധാനമായും ചർച്ച ചെയ്തതെന്ന് യു.എഇ വ്യക്തമാക്കി. കൂടിക്കാഴ്ചയിൽ ഇറാനും പ്രാദേശിക സുരക്ഷാ വെല്ലുവിളികളും ചർച്ചാ വിഷയമായതായി ഇസ്രായേൽ ഉദ്യോഗസ്ഥരും വ്യക്തമാക്കിയിട്ടുണ്ട്. മണിക്കൂറുകൾ നീണ്ടുനിന്ന ഈ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ ഏറെ നിർണായകമാണ്.മിഡിൽ ഈസ്റ്റിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, ഇറാനും പ്രാദേശിക സുരക്ഷാ വിഷയങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സഹകരണത്തിൽ കൂടുതൽ പ്രാധാന്യം നേടുന്നതാണ് ഈ സന്ദർശനം വ്യക്തമാക്കുന്നത്. മേഖലയിലെ സുസ്ഥിരതയും സമാധാനവും ലക്ഷ്യമിട്ട് ഭാവിയിലും ഇത്തരം ഉന്നതതല ചർച്ചകളും ശക്തമായ സഹകരണവും തുടരുമെന്നാണ് നയതന്ത്ര വിദഗ്ധരുടെ വിലയിരുത്തൽ.



