കിരൺ റിജിജു വീണ്ടും രാഹുൽ ഗാന്ധിയെ ഫിറ്റ്നസ് ചലഞ്ച് ചെയ്തു. അരുണാചൽ പ്രദേശിലെ കുത്തിയൊഴുകുന്ന പുഴയിൽ നീന്തുന്ന വീഡിയോ പങ്കുവെച്ചാണ് കേന്ദ്ര മന്ത്രി രംഗത്തെത്തിയത്. ഇത്തരം കാര്യങ്ങളിൽ രാഹുൽ ഗാന്ധിക്ക് പരിശീലനം വേണ്ടിവന്നേക്കാമെന്നും തനിക്ക് കുട്ടിക്കാലം മുതലേ ഇത് ശീലമാണെന്നും റിജിജു പറഞ്ഞു. അതേസമയം, ശക്തമായ ഒഴുക്കുള്ള ആഴമേറിയ നദികളിൽ നീന്തുന്നത് അപകടകരമാണെന്നും നീന്തൽ അറിയാത്തവർ ഇത്തരം വെള്ളത്തിൽ ഇറങ്ങരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. രാഹുലും റിജിജുവും തമ്മിലുള്ള ഫിറ്റ്നസ് സൗഹൃദ മത്സരത്തിന് തുടക്കം കുറിച്ചത് ജിയു-ജിറ്റ്സുവിനെക്കുറിച്ചുള്ള പാർലമെന്റിലെ ചർച്ചകളിലൂടെയായിരുന്നു.



