നാഗാലാൻഡിലെ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ അഞ്ചുവയസുകാരൻ വാങ്‌നോ യാറ്റോ ദേശീയഗാനം ആലപിക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. നിറഞ്ഞ സദസ്സിന് മുന്നിൽ യാതൊരു ഭയവുമില്ലാതെ ‘ജന ഗണ മന’ ആലപിക്കുന്ന കുഞ്ഞിന്റെ ആത്മവിശ്വാസവും നിഷ്കളങ്കതയും നെറ്റിസൺസിന്റെ ഹൃദയം കീഴടക്കി. വിഡിയോയ്ക്ക് ഇതിനകം 30 മില്യണിലധികം കാഴ്ചകൾ ലഭിച്ചു. ആയിരക്കണക്കിന് പേരാണ് കുഞ്ഞിന്റെ ആലാപനത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ദേശീയഗാനം പാടുമ്പോഴുള്ള യാറ്റോയുടെ ആത്മാർഥതയും ദേശസ്‌നേഹവും വിഡിയോയെ വേറിട്ടതാക്കുന്നുവെന്നാണ് പലരുടെയും അഭിപ്രായം. ഇതിനിടെ വ്യവസായി ആനന്ദ് മഹീന്ദ്രയും വിഡിയോ എക്സിൽ പങ്കുവെച്ച് കുഞ്ഞിനെ പ്രശംസിച്ചു. ‘നമ്മുടെ 80-ാം സ്വാതന്ത്ര്യദിനത്തിൽ കൊച്ചു യാറ്റോ വാങ്‌നോ ദേശീയഗാനം പാടുന്നത് കേട്ടാൽ പിന്നെങ്ങനെയാണ് നാഗാലാൻഡ് സന്ദർശിക്കാതിരിക്കുക?’ എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. മഹീന്ദ്രയുടെ പോസ്റ്റിന് പിന്നാലെ വിഡിയോയ്ക്ക് കൂടുതൽ പ്രചാരം ലഭിക്കുകയാണ്.



