രൂക്ഷമായ ജലക്ഷാമത്തിന് പരിഹാരം തേടി വെള്ളമില്ലാതെ കാർ കഴുകുന്ന സംരംഭവുമായി ശ്രദ്ധ നേടിയിരിക്കുകയാണ് പൂനെ സ്വദേശി നിതിൻ ശർമ്മ. ‘ഗോ വാട്ടർലെസ്’ എന്ന സംരംഭത്തിലൂടെ സസ്യധിഷ്ഠിത ക്ലീനിംഗ് ഫോർമുല ഉപയോഗിച്ചാണ് കാറുകൾ കഴുകുന്നത്.2004ൽ എംബിഎ പഠനം ഉപേക്ഷിച്ച് കുടുംബത്തിന്റെ കാർ വാഷ് ബിസിനസിൽ ചേർന്ന നിതിൻ, 2016ലെ കടുത്ത ജലക്ഷാമമാണ് പുതിയ ആശയത്തിലേക്ക് നയിച്ചത്. കാർ കഴുകാൻ ഉപയോഗിക്കുന്ന വലിയ അളവിലുള്ള വെള്ളം പാഴാകുന്നത് ഒഴിവാക്കാൻ ബദൽ മാർഗം തേടുകയായിരുന്നു അദ്ദേഹം. ഭാര്യയുടെ ആഭരണങ്ങൾ പണയം വെച്ചും സ്വന്തം സമ്പാദ്യം ഉപയോഗിച്ചും 10 ലക്ഷം രൂപ നിക്ഷേപിച്ചാണ് പരീക്ഷണങ്ങൾ ആരംഭിച്ചത്.രണ്ടുവർഷത്തെ ഗവേഷണത്തിനിടെ 600ഓളം ഫോർമുലകൾ പരീക്ഷിച്ച ശേഷമാണ് 2019ൽ സസ്യധിഷ്ഠിത ക്ലീനിംഗ് ലോഷൻ വികസിപ്പിച്ചത്. അഞ്ച് തരം സസ്യങ്ങളുടെ സത്ത് ഉപയോഗിച്ചുള്ള ഈ ലോഷൻ കാറിന്റെ പെയിന്റിന് കേടുപാടുകൾ വരുത്താതെ അഴുക്ക് നീക്കം ചെയ്യാനും തിളക്കം നിലനിർത്താനും സഹായിക്കുന്നു.ഇന്ന് ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലായി 200ലധികം ഫ്രാഞ്ചൈസികളാണ് ‘ഗോ വാട്ടർലെസ്’ പ്രവർത്തിപ്പിക്കുന്നത്. പ്രതിവർഷം ഏകദേശം 4 കോടി രൂപയുടെ വിറ്റുവരവാണ് സംരംഭം നേടുന്നത്. പ്രതിദിനം 12 ലക്ഷം ലിറ്ററോളം വെള്ളം ലാഭിക്കാനും ഈ രീതിയിലൂടെ കഴിയുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്.ജലക്ഷാമം രൂക്ഷമാകുന്ന കാലത്ത് പരിസ്ഥിതി സൗഹൃദമായ ഒരു ബിസിനസ് ആശയം എങ്ങനെ വലിയ സംരംഭമായി വളർത്തിയെടുക്കാമെന്നതിന്റെ ഉദാഹരണമായി മാറുകയാണ് നിതിൻ ശർമ്മയുടെ ‘ഗോ വാട്ടർലെസ്’.



