ഇന്ത്യയുടെ തദ്ദേശീയ ലൈറ്റ് കോംപാറ്റ് ഹെലികോപ്റ്ററായ ‘പ്രചണ്ഡ്’ന്റെ ഫ്യൂസലേജ് ഘടനകൾ നിർമ്മിക്കുന്നതിനായി ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (HAL), അദാനി ഡിഫൻസ് ആൻഡ് ടെക്നോളജീസ്, ബിഇഎംഎൽ (BEML) എന്നിവ തമ്മിൽ കരാറായി. കരാർ പ്രകാരം BEML 48 യൂണിറ്റുകളും അദാനി ഡിഫൻസ് 42 യൂണിറ്റുകളും ഫ്യൂസലേജ് ഘടനകൾ നിർമ്മിക്കും.ഹെലികോപ്റ്റർ നിർമ്മാണത്തിൽ ആദ്യമായാണ് സ്വകാര്യ മേഖലയെ ഇത്തരത്തിൽ പങ്കാളികളാക്കുന്നത്. ഇതിലൂടെ രാജ്യത്തെ പ്രതിരോധ ഉൽപ്പാദന മേഖലയിലെ സ്വകാര്യ പങ്കാളിത്തം വർധിപ്പിക്കാനും തദ്ദേശീയ വിതരണ ശൃംഖല ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്നു.കർണാടകയിലെ തുംകൂറിലുള്ള പുതിയ നിർമ്മാണ കേന്ദ്രത്തിൽ 156 പ്രചണ്ഡ് ഹെലികോപ്റ്ററുകളുടെ നിർമ്മാണം HAL ഇതിനകം ആരംഭിച്ചിട്ടുണ്ട്. രണ്ട് പുതിയ ഉൽപ്പാദന ലൈനുകൾ കൂടി വരുന്നതോടെ സായുധ സേനയ്ക്ക് ഹെലികോപ്റ്ററുകൾ സമയബന്ധിതമായി കൈമാറാൻ സാധിക്കും. കൂടാതെ, MSMEകൾക്കും ഘടക നിർമ്മാതാക്കൾക്കും കൂടുതൽ അവസരങ്ങളും തൊഴിലവസരങ്ങളും ലഭിക്കുമെന്നാണ് പ്രതീക്ഷ.



