ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകളിൽ സജ്ജീകരിക്കുന്നതിനായി കപ്പലിൽനിന്ന് വിക്ഷേപിക്കാവുന്ന ദീർഘദൂര ‘കാമികാസെ’ ഡ്രോണുകൾ വാങ്ങാൻ പ്രതിരോധ മന്ത്രാലയം പദ്ധതിയിടുന്നു. കുറഞ്ഞ ചെലവിൽ യുദ്ധക്കപ്പലുകൾക്ക് കൂടുതൽ ദൂരപരിധിയുള്ള ആക്രമണശേഷി നൽകുകയാണ് ലക്ഷ്യം. കുറഞ്ഞത് 1,000 കിലോമീറ്റർ പ്രവർത്തനപരിധിയും ഒൻപത് മണിക്കൂറിലധികം പറക്കാനുള്ള ശേഷിയുമുള്ള ഡ്രോണുകളാണ് പരിഗണിക്കുന്നത്.ശത്രുക്കളുടെ റഡാറുകളിൽ കണ്ടെത്താൻ പ്രയാസമുള്ള രൂപകൽപ്പനയ്ക്കൊപ്പം പകലും രാത്രിയും ലക്ഷ്യങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന ഇലക്ട്രോ-ഓപ്റ്റിക്കൽ, ഇൻഫ്രാറെഡ് സീക്കറുകളും ഡ്രോണുകളിൽ ഉൾപ്പെടുത്തും. ഓപ്പറേറ്ററുമായുള്ള ബന്ധം നഷ്ടപ്പെട്ടാൽ സ്വയം നിയന്ത്രിക്കാനോ സുരക്ഷിതമായ സ്ഥലത്ത് ഇറങ്ങാനോ സഹായിക്കുന്ന കൃത്രിമബുദ്ധി സംവിധാനങ്ങളും ഇവയിൽ ഉണ്ടായിരിക്കും. ആഗോളതലത്തിൽ യുദ്ധരീതികൾ അതിവേഗം മാറുന്ന സാഹചര്യത്തിലാണ് നാവികസേനയുടെ ഈ നിർണായക നീക്കം.



