ഗ്ലാസ്‌ഗോ 2026 കോമൺവെൽത്ത് ഗെയിംസിൽ 13 സ്വർണങ്ങളുൾപ്പെടെ 39 മെഡലുകൾ നേടി മെഡൽ പട്ടികയിൽ നാലാം സ്ഥാനത്തെത്തിയ ടീം ഇന്ത്യയെ റിലയൻസ് ഫൗണ്ടേഷൻ സ്ഥാപക ചെയർപേഴ്സൺ നിത എം. അംബാനി അഭിനന്ദിച്ചു. ഓരോ മെഡലിനും പിന്നിൽ അർപ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും ത്യാഗത്തിന്റെയും കഥകളുണ്ടെന്നും ടീം ഇന്ത്യയുടെ പ്രകടനം രാജ്യത്തിന് വലിയ അഭിമാനമാണെന്നും അവർ പറഞ്ഞു. ഇന്ത്യൻ വനിതാ താരങ്ങളും പാരാ അത്‌ലറ്റുകളും ചരിത്ര നേട്ടങ്ങൾ കൈവരിച്ചതിനെ പ്രത്യേകമായി പ്രശംസിച്ച നിത അംബാനി, റിലയൻസ് ഫൗണ്ടേഷന്റെ പിന്തുണയോടെ മത്സരിച്ച ലവ്‌ലിന ബോർഗോഹെയ്ൻ, മുരളി ശ്രീശങ്കർ, തേജസ്വിൻ ശങ്കർ എന്നിവരുടെ പ്രകടനത്തിലും സന്തോഷം രേഖപ്പെടുത്തി. 2030-ൽ അഹമ്മദാബാദിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിന് മുന്നോടിയായി ഗ്ലാസ്‌ഗോയിലെ വിജയം പുതിയ തലമുറയിലെ കായികതാരങ്ങൾക്ക് വലിയ പ്രചോദനമാകുമെന്നും ഇന്ത്യയുടെ കായിക രംഗത്തിന്റെ മികച്ച അധ്യായങ്ങൾ ഇനിയും വരാനിരിക്കുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു.



