ഡൽഹി സർക്കാരിന്റെ ‘ലക്ഷ്മി യോജന’ പദ്ധതിക്ക് വൻ പ്രതികരണം. ഓഗസ്റ്റ് 1ന് രജിസ്ട്രേഷൻ ആരംഭിച്ചതിന് പിന്നാലെ ആദ്യദിവസം തന്നെ 1.47 ലക്ഷത്തിലധികം സ്ത്രീകൾ അപേക്ഷ നൽകി. പദ്ധതിയുടെ ഭാഗമായി പ്രതിമാസം 2,500 രൂപയുടെ സാമ്പത്തിക സഹായമാണ് നൽകുന്നത്. ഇതിൽ 1,000 രൂപ നേരിട്ട് ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുമ്പോൾ, ശേഷിക്കുന്ന 1,500 രൂപ മൂന്ന് വർഷത്തെ ലോക്ക്-ഇൻ കാലാവധിയുള്ള സ്ഥിരനിക്ഷേപമായി മാറ്റും. സ്ത്രീകൾക്ക് തൽക്ഷണ സഹായത്തോടൊപ്പം ദീർഘകാല സാമ്പത്തിക സുരക്ഷയും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി രേഖാ ഗുപ്ത വ്യക്തമാക്കി.21 മുതൽ 60 വയസ് വരെയുള്ളതും വാർഷിക കുടുംബവരുമാനം 2.5 ലക്ഷം രൂപയിൽ താഴെയുള്ളതുമായ സ്ത്രീകൾക്കാണ് പദ്ധതിയിൽ ചേരാൻ അർഹത. നിലവിൽ മറ്റ് സാമ്പത്തിക സഹായ പദ്ധതികളുടെ ഗുണഭോക്താക്കളും ആദായനികുതി ദായകരും സർക്കാർ ജീവനക്കാരും സർക്കാർ ജോലിയുള്ള കുടുംബാംഗങ്ങളുള്ളവരും മൂന്നിലധികം കുട്ടികളുള്ളവരും കാർ ഉടമകളും ക്രിമിനൽ പശ്ചാത്തലമുള്ളവരും പദ്ധതിക്ക് അർഹരല്ല. 17 ലക്ഷം വനിതകൾക്ക് പ്രയോജനം ലഭിക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. ഇതിനായി 2026-27 സാമ്പത്തിക വർഷത്തിൽ 5,100 കോടി രൂപയാണ് ഡൽഹി സർക്കാർ വകയിരുത്തിയിരിക്കുന്നത്.



