എഫ്.ഐ.എച്ച് ഹോക്കി ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ദേശീയ ഹോക്കി ടീമിന്റെ പരമ്പരാഗത നീല ജേഴ്സി കാവി നിറത്തിലേക്ക് മാറ്റിയ തീരുമാനത്തെ ചൊല്ലി ഹോക്കി ഇന്ത്യയിൽ വിവാദം രൂക്ഷമായി. എക്സിക്യൂട്ടീവ് ബോർഡുമായോ പ്രസിഡന്റുമായോ ആലോചിക്കാതെയാണ് തീരുമാനം എടുത്തതെന്ന് ആരോപിച്ച് ഹോക്കി ഇന്ത്യ പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ ദിലീപ് ടിർക്കി രംഗത്തെത്തി. വിഷയത്തിൽ സമഗ്രമായ വിശദീകരണം ഇന്ന് വൈകിട്ട് 5 മണിക്കകം നൽകണമെന്ന് അദ്ദേഹം എക്സിക്യൂട്ടീവ് ഡയറക്ടർ ആർ.കെ. ശ്രീവാസ്തവയോട് ആവശ്യപ്പെട്ടു. ജേഴ്സി മാറ്റത്തിന് പിന്നിലെ കാരണം, തീരുമാനമെടുത്ത അധികാരികൾ, ചർച്ചകളിൽ പങ്കെടുത്തവർ, കളിക്കാരുമായും പരിശീലകരുമായും മുൻ താരങ്ങളുമായും ആശയവിനിമയം നടത്തിയോയെന്നതടക്കമുള്ള കാര്യങ്ങളിൽ റിപ്പോർട്ട് നൽകാനാണ് നിർദേശം. ദേശീയ ടീമിന്റെ വ്യക്തിത്വത്തെ ബാധിക്കുന്ന ഇത്തരമൊരു തീരുമാനം ഭരണസമിതിയുടെ അംഗീകാരമില്ലാതെ നടപ്പാക്കിയതാണ് തന്റെ പ്രതിഷേധത്തിനിടയാക്കിയതെന്ന് ടിർക്കി വ്യക്തമാക്കി. ലോകകപ്പ് അടുത്തിരിക്കെ അനാവശ്യ രാഷ്ട്രീയ വിവാദങ്ങളിലേക്ക് ടീമിനെ വലിച്ചിഴക്കരുതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പുതിയ ജേഴ്സിയെക്കുറിച്ച് പല താരങ്ങളും അവസാന നിമിഷത്തിലാണ് അറിഞ്ഞതെന്ന വിവരവും പുറത്തുവന്നതോടെ വിവാദം കൂടുതൽ ശക്തമായിരിക്കുകയാണ്.



