ആലപ്പുഴ സ്വദേശികളായ യുവതിയും യുവാവും പിടിയിൽബെംഗളൂരുവിൽ നിന്ന് എംഡിഎംഎ കേരളത്തിലേക്ക് കടത്തുന്നതിനായി മെൻസ്ട്രുവൽ കപ്പ് ഉപയോഗിച്ചെന്നാരോപിച്ച് ആലപ്പുഴ സ്വദേശികളായ മുഹമ്മദ് ഷാഫി (29), സരിത (30) എന്നിവരെ എറണാകുളം എക്സൈസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ നിന്ന് ആകെ 94 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. അന്വേഷണത്തിൽ, ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് എത്തിച്ച് എറണാകുളത്തെയും ആലപ്പുഴയിലെയും പാർട്ടി സംഘങ്ങൾക്കിടയിൽ വിതരണം ചെയ്തിരുന്നുവെന്നാണ് കണ്ടെത്തിയത്. എക്സൈസിന്റെ ‘ഓപ്പറേഷൻ തണ്ടർ’ നടപടിയുടെ ഭാഗമായാണ് അറസ്റ്റ് നടന്നത്എംഡിഎംഎയുമായി ഇരുവരും ബെംഗളൂരുവിൽ പോയി വന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് എറണാകുളം എക്സൈസ് സംഘം അന്വേഷണം ആരംഭിച്ചത്. തുടർന്ന് ഇവർ താമസിച്ചിരുന്ന എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനു സമീപമുള്ള ലോഡ്ജ് മുറിയിൽ നടത്തിയ പരിശോധനയിൽ മുഹമ്മദ് ഷാഫിയിൽ നിന്ന് എംഡിഎംഎ കണ്ടെത്തി. ചോദ്യം ചെയ്യലിൽ സരിതയും ലഹരി കടത്തിൽ പങ്കാളിയാണെന്ന് വ്യക്തമായതോടെ എക്സൈസ് സംഘം നിരീക്ഷണം ശക്തമാക്കി. പിന്നീട് എറണാകുളത്ത് തിരിച്ചെത്തിയ സരിതയെ കസ്റ്റഡിയിലെടുത്തു. തുടർ അന്വേഷണത്തിൽ ആലപ്പുഴയിലെ വീട്ടിൽ ഒളിപ്പിച്ചുവച്ചിരുന്ന എംഡിഎംഎയും കണ്ടെത്തി. പ്രതികളിൽ നിന്ന് മൊത്തം 94.032 ഗ്രാം എംഡിഎംഎ, ഒരു മൊബൈൽ ഫോൺ, ലഹരി വിൽപനയിൽ നിന്ന് ലഭിച്ച 17,770 രൂപ എന്നിവ എക്സൈസ് പിടിച്ചെടുത്തു. ബെംഗളൂരുവിൽ നിന്ന് എംഡിഎഎംഎ എത്തിച്ച് എറണാകുളത്തും ആലപ്പുഴയിലുമുള്ള ലോഡ്ജുകളിലും പാർട്ടി കേന്ദ്രങ്ങളിലുമാണ് ഇവർ വിൽപന നടത്തിയിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.



