അരൂർ–തുറവൂർ ഉയരപ്പാത അവസാനഘട്ടത്തിൽ; ശ്രീനാരായണപുരം ഭാഗത്തെ പിയർ ക്യാപ് കോൺക്രീറ്റിങ് പൂർത്തിയായിഅരൂർ–തുറവൂർ ഉയരപ്പാത നിർമാണത്തിൽ നിർണായക പുരോഗതി. അരൂർ ശ്രീനാരായണപുരം ജങ്ഷന് സമീപം മുടങ്ങിക്കിടന്ന തൂണിന്റെ പിയർ ക്യാപ് കോൺക്രീറ്റിങ് പൂർത്തിയായതോടെ അടുത്ത ഘട്ടമായ ഗർഡർ സ്ഥാപിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. കോൺക്രീറ്റ് ഉറച്ച ശേഷം മൂന്ന് തൂണുകളെ ബന്ധിപ്പിച്ച് 14 കോൺക്രീറ്റ് ഗർഡറുകൾ സ്ഥാപിക്കും. ഈ മാസം അവസാനത്തോടെ ഗർഡർ സ്ഥാപിക്കാനാകുമെന്നാണ് നിർമാണ കമ്പനിയുടെ പ്രതീക്ഷ. തുടർന്ന് അടുത്ത മാസം അവസാനത്തോടെ പാതയുടെ കോൺക്രീറ്റിങ് പൂർത്തിയാക്കും.അരൂർ ബൈപാസ് കവലയിൽ നിന്ന് ഉയരപ്പാതയിലേക്കുള്ള അപ്രോച്ച് റോഡിന്റെ നിർമാണവും പുരോഗമിക്കുകയാണ്. കുത്തിയതോട്, ചന്തിരൂർ, തുറവൂർ എന്നിവിടങ്ങളിലെ അപ്രോച്ച് റോഡുകളുടെ നിർമാണവും അവസാനഘട്ടത്തിലാണ്. അതേസമയം, പാതയുടെ ഇരുവശങ്ങളിലുമുള്ള കാന നിർമാണം ഇനിയും പൂർത്തിയായിട്ടില്ല.ആദ്യ കരാർ പ്രകാരം പദ്ധതി ഈ വർഷം ഫെബ്രുവരിയോടെ പൂർത്തിയാകേണ്ടതായിരുന്നു. എന്നാൽ ശ്രീനാരായണപുരം ജങ്ഷനിലെ 110 കെവി വൈദ്യുതി ടവറുകളുടെ ഉയരം വർധിപ്പിക്കുന്നതിലുണ്ടായ കാലതാമസമുൾപ്പെടെയുള്ള കാരണങ്ങളാൽ നിർമാണം വൈകി. നിലവിൽ ഈ വർഷം അവസാനത്തോടെ ഉയരപ്പാതയുടെ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.



