അമേരിക്കയിലെ സിയാറ്റിലിൽ ചികിത്സയ്ക്കായി നേരിട്ട ദുരനുഭവം പങ്കുവെച്ച ഇന്ത്യൻ വംശജനായ അധീർ സിൻഹയുടെ എക്സ് പോസ്റ്റാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഇന്ത്യയിൽ എളുപ്പത്തിൽ ലഭിക്കുന്ന ആരോഗ്യസേവനങ്ങളും മരുന്നുകളും അമേരിക്കയിൽ ലഭിക്കാൻ ദിവസങ്ങളോളം കാത്തിരിക്കേണ്ടി വന്നതും വൻതുക ചെലവഴിക്കേണ്ടി വന്നതുമാണ് അദ്ദേഹം വിവരിച്ചത്.ശ്വാസകോശ സംബന്ധമായ അസുഖത്തിനുള്ള മരുന്ന് ലഭിക്കാൻ ആദ്യം ജനറൽ ഫിസിഷ്യനെ കാണുകയും പിന്നീട് സ്പെഷലിസ്റ്റിനെ സമീപിക്കാനുള്ള നടപടികൾ പൂർത്തിയാക്കുകയും ചെയ്യേണ്ടിവന്നതായി സിൻഹ പറയുന്നു. 10 മിനിറ്റ് ദൈർഘ്യമുള്ള ഓൺലൈൻ കൺസൾട്ടേഷനു മാത്രം 283 ഡോളർ ബിൽ ലഭിച്ചെന്നും, ഇന്ത്യയിൽ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ‘മേഡ് ഇൻ ഇന്ത്യ’ മരുന്നിന് അമേരിക്കയിൽ ഇൻഷുറൻസ് കിഴിവിന് ശേഷവും ഏകദേശം 21,000 രൂപ നൽകേണ്ടിവന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.റിട്ടയർമെന്റ് ജീവിതത്തിന് ഇന്ത്യ മികച്ച തിരഞ്ഞെടുപ്പാണെന്നും, സ്പെഷലിസ്റ്റ് ഡോക്ടർമാരെ എളുപ്പത്തിൽ കാണാനുള്ള സൗകര്യം, കുറഞ്ഞ ചെലവിലുള്ള മൊബൈൽ ഡേറ്റ, അതിവേഗ ഡെലിവറി സേവനങ്ങൾ, യുപിഐ പേയ്മെന്റുകൾ, വീട്ടിലെത്തുന്ന ലാബ് പരിശോധനകൾ തുടങ്ങിയവ ഇന്ത്യയുടെ പ്രധാന നേട്ടങ്ങളാണെന്നും സിൻഹ അഭിപ്രായപ്പെട്ടു.അതേസമയം, ഈ പോസ്റ്റിന് താഴെ നടന്ന ചർച്ചയിൽ ഇന്ത്യയിലെ ആരോഗ്യസൗകര്യങ്ങളെ പലരും പ്രശംസിച്ചപ്പോൾ, ശുദ്ധവായു, ശുദ്ധജലം, മികച്ച പൊതുഅടിസ്ഥാന സൗകര്യങ്ങൾ, ഉയർന്ന വേതനം എന്നിവ വിദേശ രാജ്യങ്ങളുടെ പ്രധാന ഗുണങ്ങളാണെന്ന് മറ്റുചിലർ അഭിപ്രായപ്പെട്ടു



