സംസ്ഥാന സിവില്‍ സപ്ലൈസ് കോര്പ്പറേഷന് വിപണി ഇടപെടല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 225 കോടി രൂപ അനുവദിച്ചു. ബജറ്റ് വിഹിതത്തിന് പുറമെ 120 കോടി രൂപയാണ് സപ്ലൈയക്കോയ്ക്ക് അധികമായി ലഭ്യമാക്കിയത്. ഓണക്കാലത്ത് അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവർത്തനങ്ങൾക്കാണ് തുക അനുവദിച്ചത്. വിപണി ഇടപടലിന് ഈ സാമ്പത്തിക വർഷത്തെ ബജറ്റ് വകയിരുത്തൽ 205 കോടി രൂപയാണ്. കഴിഞ്ഞ മാസം 100 കോടി രൂപ അനുവദിച്ചിരുന്നു. ബാക്കി 105 കോടി രൂപയാണ് ബജറ്റ് വകയിരുത്തൽ ഉണ്ടായിരുന്നത്.
എന്നാല്‍ 120 കോടി അധികമായി നല്കാന് ധനവകുപ്പ് തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിപണി ഇടപെടലിന് ബജറ്റില്‍ 205 കോടി രൂപയായിരുന്നു വകയിരുത്തല്‍. എന്നാല്‍ ആകെ 391 കോടി രൂപ സപ്ലൈകോയ്ക്ക് സര്‍ക്കാര്‍ അനുവദിച്ചിരുന്നു.അതേസമയം ഓണത്തിനോടനുബന്ധിച്ച് സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെയും പഴം, പച്ചക്കറി ഉത്പ്പന്നങ്ങളുടെയും വില നിയന്ത്രിക്കുന്നതിന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര് അനില്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.



