സംസ്ഥാന വരുമാനത്തിന്റെ ഏകദേശം 80 ശതമാനവും ശമ്പളം, പെൻഷൻ, പലിശ അടവുകൾക്കായി ചെലവാകുന്നതായി ധവളപത്രം ചൂണ്ടിക്കാട്ടുന്നു. ദീർഘകാലാടിസ്ഥാനത്തിൽ ഈ സ്ഥിതി സാമ്പത്തികമായി നിലനിൽക്കുന്നതല്ലെന്നും റിപ്പോർട്ട് വിലയിരുത്തുന്നു. സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനായി സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം കേന്ദ്രസർക്കാരിന്റെ നിലവാരത്തിലേക്ക് ഉയർത്തണമെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു. നിലവിലെ സാഹചര്യത്തിൽ ഉദ്യോഗസ്ഥർ അവരുടെ അനുഭവസമ്പത്ത് പരമാവധി പ്രയോജനപ്പെടുത്താൻ കഴിയുന്ന ഘട്ടത്തിലാണ് വിരമിക്കുന്നതെന്നും, വിരമിക്കൽ പ്രായം ഒരു വർഷം വർധിപ്പിച്ചാൽ ഏകദേശം 6,000 കോടി രൂപയുടെ വിരമിക്കൽ ആനുകൂല്യച്ചെലവ് ലാഭിക്കാനാകുമെന്നും റിപ്പോർട്ട് പറയുന്നു.കേന്ദ്രസർക്കാരിനെപ്പോലെ പത്തുവർഷത്തിലൊരിക്കൽ മാത്രം ശമ്പള കമ്മീഷൻ നടപ്പാക്കുന്നതും പരിഗണിക്കാവുന്ന നിർദേശമായി റിപ്പോർട്ട് മുന്നോട്ടുവയ്ക്കുന്നു. സർക്കാർ സേവനങ്ങളുടെ കാര്യക്ഷമതയും ഉത്തരവാദിത്തവും മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ധവളപത്രം എടുത്തുകാട്ടുന്നു. ഡിജിറ്റലൈസേഷൻ എന്ന പേരിൽ നിലവിലുള്ള നടപടിക്രമങ്ങൾ ഓൺലൈനിലേക്ക് മാറ്റുന്നതു മാത്രം മതിയാകില്ലെന്നും, നടപടിക്രമങ്ങൾ ലളിതവും ഉപയോക്തൃസൗഹൃദവുമാക്കി യഥാർത്ഥ ഡിജിറ്റൽ പരിഷ്കാരം നടപ്പാക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു. ഇതിനായി എല്ലാ വകുപ്പുകളും മൂന്ന് മാസത്തിനകം നടപടിക്രമങ്ങൾ ലളിതമാക്കി സമ്പൂർണ ഡിജിറ്റലൈസേഷൻ പൂർത്തിയാക്കാൻ ലക്ഷ്യമിടണമെന്നും ധവളപത്രം ശുപാർശ ചെയ്യുന്നു.



