ന്യൂഡൽഹി: വരാനിരിക്കുന്ന അർദ്ധ കുംഭമേളയെ മുന്നിൽക്കണ്ട് ഹരിദ്വാർ നഗരത്തിൽ നിന്നുള്ള മാംസവിൽപ്പന ശാലകൾ മാറ്റിസ്ഥാപിക്കാൻ മുനിസിപ്പൽ കോർപ്പറേഷൻ തീരുമാനം എടുത്തു. നിലവിൽ പ്രവർത്തിക്കുന്ന ലൈസൻസുള്ളതും ഇല്ലാത്തതുമായ എല്ലാ മാംസക്കടകളും സമീപത്തെ സരായ് ഗ്രാമത്തിലേക്ക് മാറ്റുമെന്ന് മേയർ കിരൺ ജയ്സ്വാൾ അറിയിച്ചു. ഇതിനായി സരായ് ഗ്രാമത്തിൽ 57 കടകൾ ഇതിനകം നിർമ്മിച്ചുകഴിഞ്ഞു.രാജ്യത്തിനകത്തും വിദേശത്തുനിന്നും എത്തുന്ന ഭക്തരുടെ മതവികാരം പരിഗണിച്ചാണ് നടപടി. 1935-ലെ ബൈലോകൾ പ്രകാരം, ഹർ കി പൗരി പ്രദേശത്തിന്റെ 5 കിലോമീറ്റർ പരിധിയിൽ മാംസം, മദ്യം, മുട്ട എന്നിവയുടെ വിൽപ്പനയ്ക്ക് മുമ്പേ നിരോധനമുണ്ട്. ഈ നിയന്ത്രണം മുഴുവൻ മുനിസിപ്പൽ പരിധിയിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു.ഹരിദ്വാറിന്റെ മതപരമായ പവിത്രത സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി. ഇതിനിടെ, കോൺഗ്രസ് പാർട്ടി ഈ വിഷയത്തിൽ ഇരട്ടത്താപ്പ് കാട്ടുകയാണെന്ന് മേയർ ആരോപിച്ചു. ബോർഡ് യോഗത്തിൽ മുനിസിപ്പൽ ബൈലോകൾ ഭേദഗതി ചെയ്യാനുള്ള നിർദ്ദേശവും പാസാക്കിയതായി മുനിസിപ്പൽ കമ്മീഷണർ നന്ദൻ കുമാർ അറിയിച്ചു. പുതിയ ഭേദഗതികൾ പ്രകാരം, മേളക്കാലത്ത് നഗരപരിധിക്കുള്ളിൽ പച്ചമാംസ വിൽപ്പന പൂർണ്ണമായും ഒഴിവാക്കുകയും നഗരത്തിന് പുറത്തേക്ക് മാറ്റുകയും ചെയ്യും.



