മോഹൽ ലാൽ ആറാം ക്ലാസിൽ തുടങ്ങി അഭിനയയാത്ര; ഇന്ന് കുടുംബത്തിൽ ഞാൻ മാത്രം ബാക്കി – മോഹൻലാൽതന്റെ കുട്ടിക്കാലത്തെയും കുടുംബത്തെയും കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് നടൻ Mohanlal. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് അഭിനയ ജീവിതത്തിന് തുടക്കമായതെന്ന് അദ്ദേഹം പറഞ്ഞു. സ്കൂളിൽ അവതരിപ്പിച്ച ഒരു നാടകത്തിൽ അഭിനയിച്ചപ്പോൾ തന്നെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടതായും അദ്ദേഹം ഓർമ്മിച്ചു.കേന്ദ്ര സർക്കാരിന്റെ MyGov പോഡ്കാസ്റ്റിൽ സംസാരിക്കവേയാണ് മോഹൻലാൽ തന്റെ കുടുംബത്തെയും അഭിനയത്തിന്റെ ആദ്യകാലങ്ങളെയും കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെച്ചത്.“ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ ആദ്യമായി അഭിനയിക്കുന്നത്. സ്കൂളിൽ അവതരിപ്പിച്ച ‘കമ്പ്യൂട്ടർ ബോയ്’ എന്ന നാടകത്തിലായിരുന്നു എന്റെ ആദ്യ വേഷം. അതിൽ 90 വയസ്സുള്ള ഒരു വൃദ്ധന്റെ കഥാപാത്രമായിരുന്നു എന്റേത്. അന്ന് തന്നെ ഞാൻ ബെസ്റ്റ് ആക്ടറായി തിരഞ്ഞെടുക്കപ്പെട്ടു,” അദ്ദേഹം പറഞ്ഞു.തന്റെ കുട്ടിക്കാലം വളരെ സാധാരണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. “എന്റെ അച്ഛൻ ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. വളരെ നല്ല കരിയറായിരുന്നു അദ്ദേഹത്തിന്റേത്. ഇപ്പോൾ എന്റെ അച്ഛനും അമ്മയും ചേട്ടനും എല്ലാവരും നമ്മെ വിട്ടുപോയി. എന്റെ കുടുംബത്തിൽ ഇനി ഞാൻ മാത്രമാണ് അവശേഷിക്കുന്നത്,” മോഹൻലാൽ പറഞ്ഞു.സ്കൂൾ കാലത്തും കോളജ് കാലത്തും അഭിനയത്തിൽ സജീവമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. “പത്താം ക്ലാസിലും പിന്നീട് കോളജിലുമെല്ലാം ഞാൻ ബെസ്റ്റ് ആക്ടറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഞാൻ ഒരു മിഡിൽ ക്ലാസ് വിദ്യാർത്ഥിയായിരുന്നു. കോളജിൽ പഠിക്കുമ്പോൾ ചെറിയ രീതിയിൽ ഡാൻസ് കളിക്കുകയും പാട്ട് പാടുകയും ചെയ്തിരുന്നു,” അദ്ദേഹം പറഞ്ഞു.സിനിമയിൽ എത്തുമെന്നത് ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ലെന്നും മോഹൻലാൽ വ്യക്തമാക്കി. “എനിക്ക് അഭിനയിക്കാൻ ഇഷ്ടമുണ്ടായിരുന്നു. പക്ഷേ സിനിമയിൽ ഒരു നടനായി എത്തുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. അന്ന് എന്റെ സുഹൃത്തുക്കളാണ് സംവിധായകർക്ക് എന്റെ ബയോഡാറ്റ അയച്ചത്. അങ്ങനെയാണ് ഇന്ന് ഞാൻ ഇവിടെ എത്തിയത്,” മോഹൻലാൽ പറഞ്ഞു.



