എന്‍ഒസി നിയമത്തില്‍ വന്‍ മാറ്റം നടപ്പിലാക്കാൻ കേന്ദ്ര സര്‍ക്കാരിൻ്റെ നീക്കം. സംസ്ഥാനങ്ങൾക്കിടയിൽ വാഹനങ്ങൾ കൈമാറ്റം ചെയ്യുന്ന പ്രക്രിയ ലളിതമാക്കുന്നതിനായി നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) ആവശ്യകത ഒഴിവാക്കാനാണ് നീക്കം നടക്കുന്നത്. സംസ്ഥാനത്തിന്റെ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ (RTO) നിന്നുള്ള എൻഒസിയുടെ ആവശ്യകത ഒഴിവാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. നിതി ആയോഗ് രൂപീകരിച്ച സാമ്പത്തികേതര നിയന്ത്രണ പരിഷ്കാരങ്ങളെക്കുറിച്ചുള്ള ഉന്നതതല സമിതിയുടെ ശുപാർശകളെ തുടർന്നാണ് ഈ നീക്കം. സംഭവം നടപ്പിലാവുകയാണെങ്കിൽ അന്തർസംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനം വാങ്ങൽ കൂടുതൽ എളുപ്പമാവുന്നതായിരിക്കും.വാഹന രേഖകൾ ഇതിനകം തന്നെ കേന്ദ്രീകൃത വാഹൻ ഡാറ്റാബേസിൽ ഡിജിറ്റലായി സൂക്ഷിക്കുന്നതിനാൽ സംസ്ഥാന ഗതാഗത വകുപ്പുകൾക്ക് നേരിട്ട് വിവരങ്ങൾ ലഭ്യമാകും. പുതിയ സംവിധാനം നടപ്പായാൽ കേരളം ഉൾപ്പെടെ മറ്റ് സംസ്ഥാനങ്ങളിലെ വാഹന ഉടമകൾക്ക് റീരജിസ്ട്രേഷൻ നടപടികൾ ഏറെ ലളിതമാകുമെന്നാണ് വിലയിരുത്തൽ.
വാഹനങ്ങൾക്ക് പ്രായപരിധി അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങൾക്ക് പകരം ഫിറ്റ്‌നസ് അടിസ്ഥാനത്തിലുള്ള മാനദണ്ഡങ്ങൾ കൊണ്ടുവരാനും കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മിറ്റി നിർദേശിച്ചു. ഇപ്പോൾ ഡൽഹിയിൽ ഡീസൽ വാഹനങ്ങൾക്ക് 10 വർഷവും പെട്രോൾ വാഹനങ്ങൾക്ക് 15 വർഷവുമാണ് ഉപയോഗകാലപരിധി.പഴയ വാഹനങ്ങളെ മലിനീകരണം കുറയ്ക്കാൻ ഡൽഹിയിൽ നിരോധിക്കുന്നതിനാൽ മലയാളികൾ ഉൾപ്പെടെ പലരും അവ കുറഞ്ഞ വിലയ്ക്ക് വാങ്ങി മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്യാറുണ്ട്. എൻഒസി ഒഴിവാക്കുന്ന പുതിയ സംവിധാനം നടപ്പായാൽ ഇത്തരത്തിലുള്ള വാഹനങ്ങളുടെ അന്തർസംസ്ഥാന രജിസ്ട്രേഷൻ നടപടികൾ കൂടുതൽ എളുപ്പമാകുമെന്നാണ് വിലയിരുത്തൽ.



