ചെന്നൈ: അമേരിക്കൻ പ്രസിഡന്റ് Donald Trumpന് തുറന്ന കത്തുമായി നടനും എംപിയുമായ Kamal Haasan. ഇന്ത്യ സ്വതന്ത്രവും പരമാധികാരവുമുള്ള രാഷ്ട്രമാണെന്നും വിദേശരാജ്യങ്ങളിൽ നിന്നുള്ള ഉത്തരവുകൾ ഇന്ത്യ സ്വീകരിക്കില്ലെന്നും കത്തിൽ അദ്ദേഹം വ്യക്തമാക്കി. “ഇന്ത്യയിലെ ജനങ്ങൾ സ്വതന്ത്രവും പരമാധികാരവുമുള്ള രാജ്യത്തിലാണ് ജീവിക്കുന്നത്. ദൂരെയുള്ള രാജ്യങ്ങളിൽ നിന്നുള്ള നിർദ്ദേശങ്ങൾ ഞങ്ങൾ അംഗീകരിക്കില്ല. നിങ്ങളുടെ കഴിവിന്റെ പരമാവധി നിങ്ങളുടെ സ്വന്തം കാര്യം നോക്കുക. പരമാധികാര രാഷ്ട്രങ്ങൾ തമ്മിലുള്ള പരസ്പര ബഹുമാനമാണ് ആഗോള സമാധാനത്തിന്റെ അടിത്തറ,” എന്നും അദ്ദേഹം കുറിച്ചു. തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് കമൽഹാസൻ തുറന്ന കത്ത് പങ്കുവച്ചത്.യുഎസ് ട്രഷറി സെക്രട്ടറി Scott Bessent നടത്തിയ വിവാദ പരാമർശത്തെ തുടർന്നാണ് കമൽഹാസന്റെ പ്രതികരണം. ഇന്ത്യൻ റിഫൈനറികൾക്ക് റഷ്യൻ എണ്ണ വാങ്ങാൻ 30 ദിവസത്തെ താത്കാലിക ഇളവ് നൽകിയതായി പറഞ്ഞ പ്രസ്താവനയ്ക്കെതിരെയാണ് വിമർശനം ഉയർന്നത്. ഇന്ത്യ അമേരിക്കയുടെ പ്രധാന പങ്കാളിയാണെന്നും യുഎസ് എണ്ണയുടെ ഇറക്കുമതി ഇന്ത്യ വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ട്രഷറി സെക്രട്ടറി പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് അമേരിക്ക ഇന്ത്യയ്ക്ക് നിർദ്ദേശങ്ങൾ നൽകേണ്ടതില്ലെന്നും സ്വന്തം കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കമൽഹാസൻ തുറന്ന കത്തിൽ ആവശ്യപ്പെട്ടത്.



