പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമായ Meeshoയ്ക്ക് ആദായനികുതി വകുപ്പിന്റെ വൻ നോട്ടീസ്. 2023–24 അസസ്മെന്റ് വർഷവുമായി ബന്ധപ്പെട്ട് ഏകദേശം 1,500 കോടി രൂപ നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കമ്പനിയുടെ ചില വരുമാന സ്രോതസുകളും നികുതിയിളവുകളും സംബന്ധിച്ച വ്യത്യാസങ്ങളാണ് ഇതിന് കാരണമെന്നാണ് വിവരം. എന്നാൽ നികുതി വകുപ്പിന്റെ കണ്ടെത്തലുകൾ വസ്തുതാവിരുദ്ധമാണെന്നും നിലവിലെ നിയമങ്ങൾ പാലിച്ചാണ് കമ്പനി പ്രവർത്തിക്കുന്നതെന്നും വ്യക്തമാക്കി, ഉത്തരവിനെതിരെ നിയമപരമായ പോരാട്ടം നടത്താൻ കമ്പനി തീരുമാനിച്ചു.അതേസമയം കഴിഞ്ഞ സാമ്പത്തിക പാദത്തിൽ കമ്പനിയുടെ നഷ്ടം വൻ തോതിൽ ഉയർന്ന സാഹചര്യത്തിലാണ് ഈ നോട്ടീസ് ലഭിച്ചത്. മൂന്നാം പാദത്തിൽ നഷ്ടം മുൻവർഷത്തെ 37.4 കോടി രൂപയിൽ നിന്ന് 491 കോടി രൂപയായി ഉയർന്നെങ്കിലും വരുമാനം 32 ശതമാനം വർധിച്ച് 3,517.6 കോടി രൂപയായി. 2015-ൽ Vidit Aatreyയും Sanjeev Barnwalയും ചേർന്ന് ആരംഭിച്ച മീഷോ പ്രധാനമായും ചെറിയ പട്ടണങ്ങളിലെയും ടയർ-II നഗരങ്ങളിലെയും ഉപഭോക്താക്കളെയാണ് ലക്ഷ്യമിടുന്നത്. അടുത്തിടെ Zomato, Swiggy പോലുള്ള സ്റ്റാർട്ടപ്പുകൾക്കും സമാനമായ നികുതി നോട്ടീസുകൾ ലഭിച്ചതോടെ ഐടി-ഇ-കൊമേഴ്‌സ് മേഖലയിൽ പരിശോധനകൾ ശക്തമായിരിക്കുകയാണ്.



