2026-ന്റെ തുടക്കത്തിൽ തന്നെ നിലവിലുള്ള ടോൾ സംവിധാനത്തിൽ സമഗ്രമായ മാറ്റം വരുത്തുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി Nitin Gadkari പ്രഖ്യാപിച്ചിരുന്നു. വാഹനങ്ങളെ ടോൾ പ്ലാസകളിൽ തടഞ്ഞുനിർത്തി പണം ഈടാക്കുന്ന രീതിക്ക് പകരം, യാത്രയ്ക്ക് യാതൊരു വിധത്തിലും തടസ്സമുണ്ടാക്കാതെ ടോൾ പിരിയുന്ന സംവിധാനം കൊണ്ടുവരുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്ക്. ഇപ്പോൾ ആ പ്രഖ്യാപനം പ്രാവർത്തികമാകുകയാണ്. പരീക്ഷണാടിസ്ഥാനത്തിൽ രാജ്യത്തെ ആദ്യ മൾട്ടി ലെയ്ൻ ഫ്രീ ഫ്ളോ തടസ്സരഹിത ടോൾ സംവിധാനം National Highways Authority of Indiaയുടെ മേൽനോട്ടത്തിൽ Indian Highways Management Company Limited നടപ്പിലാക്കി തുടങ്ങി. National Highway 48-ലെ സൂറത്ത്–ഭരുച്ച് പാതയിലാണ് ഈ ഹൈടെക് സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. ടോൾ പ്ലാസകൾ പൊളിച്ച് നീക്കാതെ തന്നെ ബാരിയറുകളും ജീവനക്കാരുടെ ക്യാബിനുകളും ഒഴിവാക്കി, റോഡിന് കുറുകെ ഫ്രെയിം സ്ഥാപിച്ച് ക്യാമറകളും ഹൈ-സ്പീഡ് ഫാസ്ടാഗ് റീഡറുകളും ഘടിപ്പിച്ചാണ് സംവിധാനം ഒരുക്കിയത്.നമ്പർ പ്ലേറ്റ് റെക്കഗ്നീഷൻ ക്യാമറകളും അതിവേഗ ഫാസ്ടാഗ് റീഡറുകളും ചേർന്നാണ് ടോൾ ഈടാക്കൽ. മണിക്കൂറിൽ 150 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങളുടേയും ഫാസ്ടാഗ് സ്കാൻ ചെയ്യാൻ ഈ സംവിധാനത്തിന് സാധിക്കും. സ്കാൻ ചെയ്തതിനു പിന്നാലെ ബന്ധപ്പെട്ട ഫാസ്ടാഗ് അക്കൗണ്ടിൽ നിന്ന് ടോൾ തുക സ്വമേധയാ കുറയും. ഫാസ്ടാഗ് റീഡ് ചെയ്യാനാകാത്ത സാഹചര്യത്തിൽ, ക്യാമറകൾ വാഹനത്തിന്റെ നമ്പർ തിരിച്ചറിഞ്ഞ് ഡാറ്റാബേസുമായി ബന്ധിപ്പിച്ച് ടോൾ ഈടാക്കാൻ സാധിക്കും. ഈ സംവിധാനം നടപ്പിലാക്കാൻ ഏകദേശം 15 കോടി രൂപ ചെലവായതായി വിലയിരുത്തപ്പെടുന്നു. നിലവിൽ ICICI Bank ആണ് ഈ സംവിധാനത്തിലെ അക്വയറിങ് ബാങ്കായി പ്രവർത്തിക്കുന്നത്.ഫാസ്ടാഗ് നഷ്ടപ്പെട്ടതോ ശരിയായ രീതിയിൽ പതിപ്പിക്കാത്തതോ, അക്കൗണ്ടിൽ മതിയായ ബാലൻസ് ഇല്ലാത്തതോ ആയ വാഹനങ്ങൾക്കും നിയമലംഘനമായി കണക്കാക്കും. അത്തരത്തിലുള്ള വാഹനങ്ങളുടെ നമ്പർ ക്യാമറ വഴി തിരിച്ചറിഞ്ഞ് ടോൾ തുകയും അനുബന്ധ പിഴയും ഈടാക്കും. ടോൾ പ്ലാസുകളിൽ സമയനഷ്ടവും ഗതാഗതക്കുരുക്കും കുറയ്ക്കാൻ ഈ മൾട്ടി ലെയ്ൻ ഫ്രീ ഫ്ളോ സംവിധാനം വലിയ മാറ്റമുണ്ടാക്കുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു. പരീക്ഷണം വിജയകരമായാൽ രാജ്യത്തെ മറ്റു പ്രധാന ഹൈവേകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് പദ്ധതിയിടുന്നത്.



