2030ഓടെ 6ജി മൊബൈൽ സേവനങ്ങൾ ലഭ്യമാക്കുന്ന ആദ്യ രാജ്യങ്ങളിൽ ഇന്ത്യയും ഉണ്ടാകുമെന്ന് റിലയൻസ് ജിയോ പ്രഖ്യാപിച്ചു. ന്യൂഡൽഹിയിൽ നടക്കുന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിൽ ജിയോയുടെ പ്രീ-6ജി സ്റ്റാക്കും ഇന്ത്യയിലെ ആദ്യ ഗിഗാ മൈമോ റേഡിയോയും പ്രദർശിപ്പിച്ചു. നിലവിലെ 5ജി നെറ്റ്‌വർക്കുകളെ അപേക്ഷിച്ച് അഞ്ച് മടങ്ങ് ശേഷിയും പത്തിലൊന്നായി കുറഞ്ഞ ലേറ്റൻസിയുമാണ് 6ജി സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്നത്. തത്സമയ നിർമിതബുദ്ധി (എഐ), ഹോളോഗ്രാഫിക് വീഡിയോ ആശയവിനിമയം, വിദൂര ആരോഗ്യ സേവനങ്ങൾ, ഡിജിറ്റൽ വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ 6ജി നിർണായക മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷ. ഇതുവരെ 8,000ത്തിലധികം പേറ്റന്റുകൾ ഫയൽ ചെയ്ത ജിയോ, ആഗോള 6ജി മാനദണ്ഡങ്ങൾ രൂപീകരിക്കുന്നതിനായി 934ലധികം സാങ്കേതിക സംഭാവനകളും അന്താരാഷ്ട്ര ഏജൻസികൾക്ക് സമർപ്പിച്ചിട്ടുണ്ട്. ഇതിനുപുറമേ, എന്റർപ്രൈസ് തലത്തിലുള്ള സൈബർ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി എഐ അധിഷ്ഠിതവും ക്വാണ്ടം സുരക്ഷ ഉറപ്പാക്കുന്നതുമായ നെറ്റ്‌വർക്ക് സംവിധാനങ്ങളുടെ വികസനവും കമ്പനി വേഗത്തിലാക്കുന്നുണ്ട്. മികച്ച കണക്റ്റിവിറ്റിക്കൊപ്പം ഉയർന്ന സൈബർ സുരക്ഷയും ഉറപ്പാക്കുകയാണ് ജിയോയുടെ ലക്ഷ്യം.



