2028ഓടെ ഇന്ത്യയിൽ പറക്കും ടാക്സികൾ സർവീസ് ആരംഭിച്ചേക്കും. ഇലക്ട്രിക് ഫ്ലയിങ് ടാക്സികളായ eVTOL വിമാനങ്ങൾ വഴി വിമാനത്താവളങ്ങളിൽ നിന്ന് നഗരങ്ങളിലേക്കുള്ള യാത്രാസമയം വെറും 20 മുതൽ 30 മിനിറ്റായി കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. റോഡുകളിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന ഈ സംവിധാനത്തിന് ബെംഗളൂരു, ഡൽഹി, മുംബൈ തുടങ്ങിയ പ്രധാന നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ മുൻഗണന നൽകുക. ലംബമായി ടേക്ക് ഓഫ് ചെയ്യാനും ലാൻഡ് ചെയ്യാനും കഴിയുന്ന eVTOL വിമാനങ്ങൾ സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ ഗതാഗത സംവിധാനമാക്കുകയാണ് ലക്ഷ്യം. എന്നാൽ കർശനമായ സുരക്ഷാ പരിശോധനകളും സർട്ടിഫിക്കേഷനും റെഗുലേറ്ററി അനുമതികളും പൂർത്തിയായാൽ മാത്രമേ പദ്ധതി യാഥാർഥ്യമാകൂ.



